പൊതു കറൻസിയുമായി മുന്നോട്ട് പോയാൽ ബ്രിക്സ് രാജ്യങ്ങളുടെ അമേരിക്കയിലേയ്ക്കുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘ബ്രിക്സ് മരിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ഇന്ത്യ കൂടി ഉൾപ്പെട്ട ബ്രിക്സ് സാമ്പത്തിക സഖ്യത്തിൻ്റെ പ്രസക്തി അമേരിക്കൻ പ്രസിഡൻ്റ് തള്ളിക്കളഞ്ഞത്.
‘മോശം ഉദ്ദേശത്തോടെയാണ് ബ്രിക്സ് അത് മുന്നോട്ട് വെച്ചത്. അവർക്ക് ഡോറളിനെ വെല്ലുവിളിക്കണമെങ്കിൽ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഞാൻ അവരോട് പറഞ്ഞു. അത് ചെയ്യാൻ തീരുമാനിക്കുന്ന ദിവസം ഞങ്ങൾ യാചിക്കുന്നുവെന്ന് അവർ തിരികെ വന്ന് പറയും. ഞാൻ അത് പറഞ്ഞ ദിവസം മുതൽ ബ്രിക്സ് മരിച്ചു’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ആഗോള വ്യാപാരത്തിൽ അമേരിക്കൻ ഡോളറിൻ്റെ ആധിപത്യത്തെ തുരങ്കം വയ്ക്കാനുള്ള നീക്കം ഉണ്ടായാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന നേരത്തെയുള്ള നിലപാടാണ് ട്രംപ് വീണ്ടും ശക്തമായി അവതരിപ്പിച്ചിരിക്കുന്നത്.
Read more
ബ്രിക്‌സിനെ തകർക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തോടും ട്രംപ് പ്രതികരിച്ചു. ‘ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ ബ്രിക്സ് അത് മുന്നോട്ട് വെച്ചത് ഒരു മോശം ലക്ഷ്യത്തിനാണ്. അവരിൽ ഭൂരിഭാഗം ആളുകളും അത് ആഗ്രഹിക്കുന്നില്ല. അവർ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. ഡോളറുമായി ഏറ്റുമുട്ടാൻ താൽപ്പര്യമുണ്ടെങ്കിൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് പറഞ്ഞതോടെ അവർ അതിനെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നു’ എന്നും ട്രംപ് പ്രതികരിച്ചു.