അലി ലാരിജാനിക്ക് പകരക്കാരനായി മുഹമ്മദ് ബാഗർ സോൾഗാദറെ ഇറാൻ ദേശിയ സുരക്ഷാ കൗൺസിൽ മേധാവിയായി നിയമിച്ചു

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയായ അലി ലാരിജാനിക്ക് പകരക്കാരനായി മുഹമ്മദ് ബാഗർ സോൾഗാദറെ നിയമിച്ചു. കടുത്ത സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നിയമനം.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുൻ കമാൻഡറായ സോൾഗാദർ ഇറാന്റെ ഭരണസംവിധാനത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു നേതാവാണ്. 2020 വരെയുള്ള എട്ടു വർഷക്കാലം രാജ്യത്തെ നീതിന്യായ വിഭാഗത്തിന്റെ തന്ത്രപ്രധാന കാര്യങ്ങളുടെ ഡെപ്യൂട്ടി ചീഫ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ ഐആർജിസി ജോയിന്റ് സ്റ്റാഫ് മേധാവി, ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ്, ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ-നിയമപാലന വിഭാഗം ഡെപ്യൂട്ടി ചീഫ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാരിജാനിയുടെ വധത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മേധാവിയുടെ നിയമനം.