സ്വർഗം നേടാൻ പട്ടിണി കിടന്ന് മരണം; വനത്തിനുള്ളിൽ കണ്ടെത്തിയത് 58 മൃതദേഹങ്ങൾ

കെനിയയിൽ സ്വർഗം നേടാൻ പട്ടിണികിടന്ന് പ്രാർഥിക്കുവാൻ പറഞ്ഞ പുരോഹിതന്റെ വാക്ക് കേട്ട്  പട്ടിണി കിടന്ന 58 വിശ്വാസികൾ മരണപ്പെട്ടു. ആഹാരവും വെള്ളവുമുപേക്ഷിച്ച് കഴിഞ്ഞ ക്രിസ്ത്യൻ ആരാധക സംഘത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത്. കെനിയയുടെ തെക്ക്-കിഴക്കൻ ഭാഗത്തുള്ള ഒരു വനത്തിലെ കൂട്ടക്കുഴിമാടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി.

, പോൾ മക്കെൻസീ എൻതെംഗെ എന്നയാളാണ് സ്വർഗ പ്രാപ്തിക്കും, ദൈവത്തെ കാണുവാനുമായി പട്ടിണി കിടന്ന് പ്രാർത്ഥിക്കാൻ ആളുകളെ ഉപദേശിച്ചത്. ‘ഗുഡ്ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന പേരിൽ കൂട്ടായ്മയും ഉണ്ടാക്കിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് ഇതിനു മുൻപും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പാസ്റ്റര്‍ പോൾ മാക്കൻസീ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പുതിയ സംഭവം. മരണം ആ കുട്ടികളെ നായകരാക്കും എന്നായിരുന്നു അന്ന് പാസ്റ്റര്‍ മാതാപിതാക്കളോട് പറഞ്ഞത്. അതിനു ശേഷം ഇയാളുടെ ഉപദേശം കേട്ട് പട്ടിണികിടന്ന് മരിച്ച ചിലരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് ചുറ്റുമുള്ള 325 ഹെക്ടർ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ കയറിയിറങ്ങി പൊലീസും മനുഷ്യാവകാശ സംഘടനകളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിൽ പൊലീസും അധികൃതരും തെരച്ചിൽ തുടരുകയാണ്. ദി ഗാഡിയനാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരോഹിതനടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു. മതസ്വാതന്ത്ര്യത്തെ ഭരണകൂടം ബഹുമാനിക്കുന്നു.എന്നാൽ പ്രാകൃതമായ ആചാരങ്ങളിലേക്ക് ജനത്തെ തള്ളവിട്ടവർ കഠിനമായ ശിക്ഷ അനുഭവിക്കണമെന്നും- കിത്തുരെ ട്വീറ്റ് ചെയ്തു.