നാറ്റോയുടെ ഐക്യവും ശക്തിയും തെളിയിക്കും, കമല ഹാരിസ് യൂറോപ്പിലേക്ക്

ഉക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ യൂറോപ്പ് സന്ദര്‍ശനത്തിന് ഒരുങ്ങി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഉക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ടും, റൊമാനിയയുമാണ് സന്ദര്‍ശിക്കുക. നാറ്റോ സഖ്യത്തിന്റെ ഐക്യവും, ശക്തിയും തെളിയിക്കുന്നതാകും സന്ദര്‍ശനം. റഷ്യക്കെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ച് നിര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ ഉറപ്പിക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് കമല ഹാരിസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു. നാറ്റോയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഉക്രൈനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെയും ഇത് എടുത്തു കാണിക്കും.

പോളണ്ടിലെ വാര്‍സോയിലേക്കും റൊമാനിയയിലെ ബുക്കാറെസ്റ്റിലേക്കും മാര്‍ച്ച് 9-11 തീയതികളില്‍ കമല ഹാരിസ് സന്ദര്‍ശനം നടത്തും. പോളണ്ടിലെയും റൊമാനിയയിലെയും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുടെ പ്രകോപനരഹിതവും അന്യായവുമായ ആക്രമണത്തിന് എതിരെ ഒരുമിച്ച് മുന്നോട്ട് പോകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യും.

സുരക്ഷ, സാമ്പത്തിക, മാനുഷിക സഹായം എന്നിവയിലൂടെ ഉക്രൈനിലെ ജനങ്ങള്‍ക്കുള്ള തുടര്‍ പിന്തുണ ഉറപ്പാക്കും. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ചര്‍ച്ചയില്‍ ആലോചിക്കും.