അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരും: പുതുചരിത്രം കുറിച്ച് കമല ഹാരിസ്

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ വംശജയും കറുത്തവർഗക്കാരിയുമായ കമല ഹാരിസ്. ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്നത് ഇതാദ്യമാണ്. ഫലം അറിഞ്ഞ ഉടനെ ബൈഡനുമൊത്ത് വിജയാഹ്ലാദം പങ്കിടുകയാണ് കമല ഹാരിസ്. അമേരിക്കയില്‍ ഒരു പ്രധാന പാര്‍ട്ടിക്ക് കീഴില്‍ ഒരു ഏഷ്യന്‍ വംശജയെ വൈസ് പ്രസിഡന്റ് പദത്തിന് നോമിനേറ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ആ ധൈര്യം കാണിച്ചത് ജോ ബൈഡനാണ്. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഫലം തെളിയിച്ചു.

ഓഗസ്റ്റിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ട്രംപിനുനേരെ കടുപ്പമേറിയ ചോദ്യങ്ങളെറിഞ്ഞ് ബൈഡനൊപ്പം ശക്തയായി മുൻനിരയിൽത്തന്നെ കമലയുണ്ടായിരുന്നു. ബൈഡന്റെ വിജയത്തിൽ നിർണായകമായി സ്ത്രീകളുടെയും കറുത്ത വർഗക്കാരുടെയും വോട്ടുകളെത്തിയത് കമലയിലൂടെയായിരുന്നെന്ന് പറയേണ്ടിവരും. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഏഷ്യൻ വംശജ എന്നീ പദവികൾകൂടി കമലയ്ക്കുസ്വന്തമാവുകയാണ്.

ട്രംപിനെതിരായ മത്സരത്തില്‍ കറുത്ത വര്‍ഗക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും നിര്‍ണായക പങ്ക് തിരിച്ചറിഞ്ഞ് തന്നെയാണ് ബൈഡന്‍ കമലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയില്‍ 13 ലക്ഷത്തോളം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ വോട്ട് ചെയ്തിട്ടുണ്ട്. പെന്‍സില്‍വാനിയ, മിഷിഗന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായകവുമായിരുന്നു. അവരുടെ പിന്തുണ തീര്‍ച്ചയായും ബൈഡന് ‍- കമല ഹാരിസ് ടീമിന് ലഭിച്ചു. അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് കമല ഹാരിസ് വൈറ്റ് ഹൌസില്‍ കയറാനിരിക്കുന്നത്.

അഭിഭാഷകയും കാലിഫോര്‍ണിയയിലെ സെനറ്ററുമാണ് കമല ഹാരിസ്. കമലയുടെ അമ്മ ഇന്ത്യക്കാരിയും അച്ഛന്‍ ജമൈക്കക്കാരനുമാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന പി വി ഗോപാലന്റെ മകളാണ് ഡോ. ശ്യാമള. 1957ലാണ് ഡോ.ശ്യാമള ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. 1964ല്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡിലായിരുന്നു കമലാ ഹരിസിന്റെ ജനനം. വാഷിങ്ടണിലെ ഹോവാഡ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 2010ല്‍ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായി.