കമല ഹാരിസിന്‍റെ പൗരത്വം ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച സംഭവം; മാപ്പ് പറഞ്ഞ് അമേരിക്കൻ മാസിക 

ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി വൈസ് പ്രസിഡന്‍റ് സ്​​ഥാ​നാ​ർ​ഥി കമല ഹാരിസിന്‍റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച  അമേരിക്കൻ മാസികയായ ന്യൂസ് വീക് മാപ്പ് പറഞ്ഞു. വംശീയതയും പരദേശീസ്പര്‍ദ്ധയും വളർത്തുന്നതിന് ലേഖനം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്.

ലേഖനം വളച്ചൊടിക്കുകയും ആയുധമാക്കുകയും വികൃതമാക്കുകയും ചെയ്യുന്നത് തടയുന്നതിൽ മാസിക പരാജയപ്പെട്ടു. അതിനാൽ, ഖേദം പ്രകടിപ്പിക്കുന്നതായും ഒപീനിയൻ എഡിറ്റർ ജോഷ് ഹമ്മറും ഗ്ലോബൽ എഡിറ്റർ ഇൻ ചീഫ് നാൻസി കൂപ്പറും ഒപ്പുവെച്ച ക്ഷമാപണത്തിൽ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്നാണ് അഭിഭാഷകനായ ജോൺ ഈസ്റ്റ്മാൻ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കൾ കുടിയേറ്റക്കാരാണെന്ന കമല ഹാരിസിന്‍റെ യോഗ്യതയിൽ ഈസ്റ്റ്മാൻ സംശയം രേഖപ്പെടുത്തിയിരുന്നു. കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തിൽ വിവരിച്ചിരുന്നു.

അതേസമയം കമല ഹാരിസിനെക്കാൾ കൂടുതൽ ഇന്ത്യക്കാരുടെ പിന്തുണ തനിക്കുണ്ടെന്ന് അമേരിക്കൻ പ്രസിഡൻറ്  ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. കമല ഹാരിസ് മോശം സ്ഥാനാർഥിയാണെന്നും ജോ ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരാവില്ലെന്നും ട്രംപ് പറഞ്ഞു.