റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ രണ്ട് വിദേശമാധ്യമപ്രവര്‍ത്തകരെ മ്യാന്‍മറില്‍ അറസ്റ്റ് ചെയ്തു

മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ രണ്ട് വിദേശമാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ പോലീസ് അറസ്റ്റ് ചെയ്തു. വാ ലോന്‍, ക്യാവ് സോയ് ഓ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്നതുമായ ഒഫീഷ്യല്‍ സീക്രട്ടസ് ആക്ടാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് മ്യാന്‍മറിലെ അമേരിക്കന്‍ എംബസി നല്‍കുന്ന വിവരം. മ്യാന്‍മര്‍ പോലീസ് സംഘടിപ്പിച്ച പരിപാടിയില്‍ വിളിച്ചുവരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശമാധ്യമത്തിന് ഈ മാധ്യമപ്രവര്‍ത്തകര്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരം ചോര്‍ത്തി നല്‍കിയതായി മ്യാന്‍മര്‍ സര്‍ക്കാര്‍ മാധ്യമത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യങ്കൂണ്‍‍ പോലീസ് സ്‌റ്റേഷനിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുള്ളത്.

മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ അഭാര്‍ത്ഥികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയായിരുന്നു ഇവര്‍. മ്യാന്‍മര്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തിന്റെ ബാക്കിപത്രമാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.

ആഗസ്റ്റിലാണ് 650000 തോളം വരുന്ന മുസ്ലീം ന്യൂനപക്ഷമായ റോഹിങ്ക്യക്കാര്‍ മ്യാന്‍മറില്‍ നിന്ന് പുറന്തള്ളപ്പെടുന്നത്. സ്വന്തം രാജ്യത്തു നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ അതിര്‍ത്തികളിലും ഇന്ത്യയിലുമായാണ് ഇവര്‍ അഭയം തേടിയിരുന്നത്.

Read more

വിദേശമാധ്യമപ്രവര്‍ത്തരെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ അമേരിക്കന്‍ എംബസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യം സംരക്ഷിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തിക്കാന്‍ കഴിയണം. അറസ്റ്റിനെക്കുറിച്ച് മ്യാന്‍മര്‍ സര്‍ക്കാരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് യുഎസ് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.