യൂറോപ്പിൽ അതിരൂക്ഷമായി പടര്‍ന്ന് കൊറോണ; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 369 മരണം, പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി

കൊറോണ വൈറസ് ബാധ യൂറോപ്പിൽ  അതിരൂക്ഷമായി പടരുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിന്‍റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ പൂർണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.

സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. സ്പെയിനിൽ 288 പേരും ഫ്രാൻസിൽ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയിൽ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.

24,747 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് അടുത്ത 24 മണിക്കൂറിൽ സ്വിറ്റ്സർലണ്ടിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നിരട്ടിയായി ഉയർന്ന് 2200-ൽ എത്തി. 14 മരണമാണ് സ്വിറ്റ്സർലണ്ടിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനും അയർലണ്ടിനും കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. പോർച്ചുഗൽ സ്പയിനുമായുള്ള അതിർത്തി അടച്ചു. ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ ഡെൻമാർക്ക് ലക്സംബർഗ് അതിർത്തികളിൽ ശക്തമായ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കും പൗരൻമാരുടെ യാത്രകൾക്ക് ഇന്നലെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോലിക്കു പോകാനും ആഹാരവും മരുന്നുകളും വാങ്ങാനും അടിയന്തര ആവശ്യങ്ങൾക്കും മാത്രമേ ജനങ്ങൾ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിർദ്ദേശം. അഞ്ച് പേരിൽ കൂടുതലുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് ഓസ്ട്രിയ പൗരൻമാർത്ത് നിർദ്ദേശം നൽകി. അയർലണ്ടിലെ പബ്ബുകൾ അടച്ചുപൂട്ടി. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.