കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ല ഹാന്റ വൈറസ് എന്ന് ലോകാരോഗ്യ സംഘടന. രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന.
പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യ മരണം സംഭവിച്ചത്. എന്നാൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.
ആദ്യത്തേത് സ്വാഭാവിക മരണം എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരിക്കുകയാണ് അധികൃതർ. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിലാണ്.
ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ എം വി ഹോണ്ടിയസ് എന്ന ഡച്ച് ആഡംബര കപ്പലിലാണ് ഹാന്റ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയേറ്റ് മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രണ്ട് ഇന്ത്യാക്കാരും കപ്പലിൽ ഉണ്ടെന്ന് എം വി ഹോണ്ടിയസ് അധികൃതർ സ്ഥിരീകരിച്ചു.







