ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിച്ചേക്കാമെങ്കിലും ലോകത്തിന്റെ പിന്തുണ ഇസ്രയേലിന് ഇപ്പോള്‍ നേടാനാകില്ലെന്ന്ാണ് ട്രംപ് അഭിപ്രായപ്പെട്ടത്. സംഘര്‍ഷത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്നും ഡൊണാള്‍ഡ് ട്രംപ് ദി ഡെയ്ലി കോളറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും. ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും എന്നതില്‍ സംശയമില്ല. ഇസ്രയേല്‍ യുദ്ധത്തില്‍ വിജയിക്കുന്നുണ്ടാവാം. പക്ഷേ, പൊതുവികാരം അവര്‍ക്ക് അനുകൂലമല്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, അത് ഇസ്രയേലിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ഇസ്രയേല്‍- ഗാസ വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് നല്‍കിയ മുന്നറിയിപ്പുകളുടെ ആവര്‍ത്തനമാണ് ഇപ്പോഴും ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ജനുവരിയില്‍ അധികാരത്തിലേറിയ ശേഷം അദ്ദേഹം ഈ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും, യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനായി ഇസ്രയേലിനോടുള്ള തന്റെ ആഹ്വാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസിനെ നശിപ്പിക്കണമെന്ന് വാദിച്ച് ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

അമേരിക്കയില്‍ ഇസ്രയേലിന്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ‘(ഇസ്രായേലിനെക്കുറിച്ച്) മോശമായി സംസാരിക്കാന്‍’ കഴിയാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇസ്രായേലിന് മിക്ക പ്രതിനിധി സഭകളിലും പിന്തുണയുടെ ‘പൂര്‍ണ്ണ നിയന്ത്രണം’ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രയേല്‍. അവര്‍ക്ക് യുഎസ് കോണ്‍ഗ്രസില്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

Read more

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ, അമേരിക്കയില്‍ ഇസ്രയേലിനുള്ള പിന്തുണ കുറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എനിക്കതിനെക്കുറിച്ച് അറിയാം,’ എന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. ‘ഇസ്രയേലില്‍നിന്ന് തനിക്ക് നല്ല പിന്തുണ’ ലഭിക്കുന്നുണ്ടെന്ന് ഊന്നിപ്പറയുകയും ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നുണ്ട് ഡൊണാള്‍ഡ് ട്രംപ്.