ഇറാനെ ആക്രമിച്ച് ഇസ്രയേല്‍, മിസൈല്‍ തൊടുത്തു, പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ; ടെഹ്‌റാനില്‍ സ്‌ഫോടനം

ഇറാനിലേക്ക് ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനിലേക്ക് മിസൈല്‍ തൊടുത്തതിന് പിന്നാലെ രാജ്യമെങ്ങും ഇസ്രയേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ സ്‌ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതില്‍ പുക ഉയര്‍ന്നുവെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലില്‍ പലയിടത്തും സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇസ്രയേല്‍ സൈന്യത്തിന്റെ അടിയന്തരാവസ്ഥ അറിയിപ്പാണിത്.

ഇറാനെ ആക്രമിച്ച കാര്യം ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് അറിയിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കട്‌സ് അറിയിച്ചു. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതോടെ തിരിച്ചടി ഉണ്ടാകുമെന്ന കരുതലിലാണ് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.

Read more

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഹോം ഫ്രണ്ട് കമാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.