പേർഷ്യൻ ഗൾഫിലെ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിച്ചേക്കും; ലോകമെമ്പാടുമുള്ള ഇൻറർനെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാ​ഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നു. ഈ കേബിളുകൾ പൊട്ടുകയാണെങ്കിൽ, അതിന്റെ ആഘാതം മിഡിൽ ഈസ്റ്റിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കും.

ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17% മുതൽ 30% വരെ ഈ ലൈനുകൾ വഹിക്കുന്നുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയുള്ള യുഎഇയിലെയും സൗദി അറേബ്യയിലെയും വൻതോതിലുള്ള എഐ ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്.

ആഗോള സാമ്പത്തിക ഇടപാടുകളുടെയും കേന്ദ്രബിന്ദുവാണ് ഈ കേബിളുകൾ. ദൈനംദിന ഇമെയിലുകൾ മുതൽ ക്ലൗഡ് സേവനങ്ങൾ ഈ അണ്ടർവാട്ടർ നെറ്റ്‌വർക്കിനെയാണ് ആശ്രയിച്ചിരിക്കുന്നത്.