'യുദ്ധം തുടരാന്‍ താത്‌പര്യമില്ല', ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാൻ

ഇസ്രയേലുമായി യുദ്ധം തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി ഇറാന്‍. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമിറാബ്ദുള്ളാ ഹിയാൻ മുന്നറിയിപ്പ് നല്‍കി. ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ അറിയിച്ചു.

നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് മേഖലയിലെ സമാധാനവും അന്തർദേശീയ സമാധാനവും സുരക്ഷയും മാനിക്കുന്ന ഇറാൻ്റെ ഉത്തരവാദിത്തപരമായ സമീപനത്തെയാണ് കാണിക്കുന്നതെന്നും അമിറാബ്ദുള്ളാ ഹിയാൻ കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇസ്രയേൽ ഇനി ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

നേരത്തെ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയില്ലെന്നറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഇറാനെതിരായ ഒരു ആക്രമണ പ്രവർത്തനങ്ങളിലും യുഎസ് പങ്കെടുക്കില്ലെന്നും അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞിരുന്നു. ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനെതിരായ ഇറാൻ്റെ മിസൈൽ ആക്രമണത്തെ അപലപിച്ചിരുന്നു.