പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തി ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പാകിസ്ഥാനില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്.
ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആര്‍ജിസി ചരക്കു കപ്പലിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പില്‍ കപ്പലിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കുറഞ്ഞത് രണ്ട് കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ‘ഏകീകൃത നിര്‍ദ്ദേശം’ കാത്തിരിക്കുക യുഎസ്- ഇറാന്‍ വെടിനിര്‍ത്തല്‍ ‘അനിശ്ചിതമായി’ നീട്ടുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ഈ നീക്കം.
Read more
വെടിനിര്‍ത്തല്‍ നീട്ടല്‍ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, ഒരു കരാറിലെത്തിയില്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി വെടിനിര്‍ത്തല്‍ നീട്ടുകയാണെന്നും എന്നാല്‍ രാജ്യത്തിന്റെ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഇനി വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.







