ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം; സുനാമി സാദ്ധ്യതാ നിരീക്ഷണം നടത്തുന്നുവെന്ന് ജപ്പാന്‍

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം. ജാവാ ദ്വീപിലെ സെമേരു അഗ്‌നി പര്‍വ്വതത്തില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് സുനാമി സാധ്യത സംബന്ധിച്ച് നിരീക്ഷണം നടത്തി വരികയാണെന്ന് ജപ്പാന്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയ മാധ്യമം എന്‍എച്ച്കെയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസയം ജപ്പാന്റെ പ്രസ്താനവയോട് ഇന്തോനേഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് ആകാശത്ത് ചാരനിറത്തിലുള്ള പുക പടര്‍ന്നു പിടിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

സ്ഫോടനം നടന്നതിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് മാസ്‌കുകളും വിതരണം ചെയ്തു. പ്രസ്തുത പ്രദേശത്ത് യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അഗ്‌നിപര്‍വ്വത പ്രവര്‍ത്തനം ലെവല്‍ മൂന്നില്‍ തുടരുകയാണ്.142 അഗ്‌നിപര്‍വ്വതങ്ങളുള്ള ഇന്തോനേഷ്യയിലാണ് ആഗോളതലത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ളത്.