കേരളത്തില്‍ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നത്; കുടുംബശ്രീയില്‍ തീവ്രവാദികളുടെ ഫത്വ അംഗീകരിക്കപ്പെടുന്നുവെന്ന് കെ.സുരേന്ദ്രന്‍

കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്ന് കുടുംബശ്രീയുടെ പ്രതിജ്ഞ പിന്‍വലിച്ചതിലൂടെ തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്ല്യ അവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണ് തീവ്ര മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വലിച്ചത്.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പിലാക്കുന്നതില്‍ നിന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതില്‍ നിന്നും സമാനമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി വനിതാ മതിലുപണിഞ്ഞതു ശബരിമലയില്‍ ലിംഗസമത്വം കൊണ്ടുവരാന്‍ മാത്രമാണ്. സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് കേരളത്തിലെ പൊതു ഇടങ്ങളില്‍ അംഗീകരിക്കപ്പെടുന്നത്. സര്‍ക്കാര്‍ വോട്ട്ബാങ്കിന് വേണ്ടി നവോത്ഥാന മൂല്ല്യങ്ങളെ ചവിട്ടിമെതിക്കുകയാണ്.

സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് വരുത്തുന്ന തുല്ല്യ അവകാശമാണ് മതമൗലികവാദികളുടെ ഭീഷണിക്ക് മുമ്പില്‍ സര്‍ക്കാര്‍ അടിയറവ് പറഞ്ഞതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.