ഇന്ത്യക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് ഫ്രീയായി പറക്കാം; ഏഴ് രാജ്യങ്ങള്‍ക്ക് ഫ്രീ വിസ അനുവദിച്ചു; പദ്ധതി ടൂറിസത്തിലൂടെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍

ടൂറിസത്തിലൂടെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനൊരുങ്ങി ശ്രീലങ്ക. ഇതിനായി ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഫ്രീ വിസ നല്‍കാന്‍ തയ്യാറായി ശ്രീലങ്ക. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗജന്യ വിസ നല്‍കുന്നത്. നിലവില്‍ അഞ്ച് മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക.

രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്നത് വഴി കൂടുതല്‍ വിദേശ നാണ്യം കണ്ടെത്തുക എന്നതാണ് ശ്രീലങ്കന്‍ മന്ത്രിസഭയുടെ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വരും വര്‍ഷങ്ങളില്‍ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷം വര്‍ധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം അറിയിക്കുന്നു.

മുന്‍പ് അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു. പുതിയ താരുമാനത്തിലൂടെ പദ്ധതി ഏഴ് രാജ്യങ്ങള്‍ക്കായി വിപുലീകരിക്കുകയായിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് വിസ ലഭിക്കുന്നതിനുള്ള സമയവും പണവും പദ്ധതി വഴി ലാഭിക്കാം. സൗജന്യ വിസ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് വിദേശകാര്യ മന്ത്രി അലി സബ്രി അറിയിച്ചു.