ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിനോടൊപ്പം റിപ്പോർട്ടിംഗ് നടത്തവേയാണ് കൊല്ലപ്പെട്ടത്.

ഡാനിഷ് സിദ്ദിഖിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മാമുന്ദ്‌സെ ട്വീറ്റ് ചെയ്തു: “ഇന്നലെ രാത്രി കാണ്ഡഹാറിൽ വച്ച് സുഹൃത്ത് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ ദുഃഖകരമായ വാർത്തയിൽ ആഴത്തിൽ അസ്വസ്ഥനാണ്. ഇന്ത്യൻ ജേണലിസ്റ്റും പുലിറ്റ്‌സർ സമ്മാനം ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കൊപ്പം റിപ്പോർട്ടിങ്ങിലായിരുന്നു. കാബൂളിലേക്ക് പുറപ്പെടുന്നതിന് 2 ആഴ്ച മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും റോയിട്ടേഴ്സിനും അനുശോചനം.”

പുലിറ്റ്‌സർ പുരസ്കാരം നേടിയ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖി ഒരു ടെലിവിഷൻ വാർത്താ ലേഖകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയും ചെയ്തു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിൽ ഫോട്ടോ ജേണലിസ്റ്റായ അദ്ദേഹം 2008 സെപ്റ്റംബർ മുതൽ 2010 ജനുവരി വരെ ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ ലേഖകനായി പ്രവർത്തിച്ചു.

റോയിട്ടേഴ്‌സ് സംഘത്തിന്റെ ഭാഗമായി റോഹിംഗ്യൻ അഭയാർത്ഥി പ്രതിസന്ധി രേഖപ്പെടുത്തിയതിനാണ് 2018 ൽ ഡാനിഷ് സിദ്ദിഖിക്കും സഹപ്രവർത്തകൻ അദ്‌നാൻ അബിദിക്കും ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ സമ്മാനം ലഭിച്ചത്.

ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ, ഡാനിഷ് സിദ്ദിഖി ലോകമെമ്പാടുമുള്ള നിരവധി പ്രശ്നങ്ങൾ തന്റെ ക്യാമറയിൽ പകർത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങൾ, റോഹിംഗ്യൻ അഭയാർഥികളുടെ പ്രതിസന്ധി, ഹോങ്കോംഗ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പങ്ങൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന റിപ്പോർട്ടിങ്ങിൽ ചിലതാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കൊപ്പം ചില ദൗത്യങ്ങളിൽ ഒപ്പം ചേർന്നാണ് റിപ്പോർട്ടിംങ് എന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അഫ്ഗാൻ സുരക്ഷാ സേനക്ക് നേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.