അമേരിക്കയിലെ ഓഹിയോയുടെ പന്ത്രണ്ടാമത് സോളിസിറ്റര്‍ ജനറലായി നിയമിതയായ ഇന്ത്യന്‍ വംശജയായ മഥുര ശ്രീധരനെ ചൊല്ലി യുഎസില്‍ വിവാദം. ‘യുഎസ് വംശജനല്ലാത്ത’ ഒരാളെ എന്തിന് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു എന്ന് ചോദിച്ച് ഓണ്‍ലൈനിലടക്കം വലിയ പ്രതിഷേധം ഉയരുമ്പോള്‍ പലതും വംശീയ അധിക്ഷേപത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യന്‍ വംശജയായ അഭിഭാഷക മഥുര ശ്രീധരനെ ഓഹിയോയുടെ 12-ാമത് സോളിസിറ്റര്‍ ജനറലായി നിയമിച്ചതായി അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വംശീയ അധിക്ഷേപം ആരംഭിച്ചത്.
യുഎസ് സുപ്രീം കോടതി ഉള്‍പ്പെടെയുള്ള സംസ്ഥാന, ഫെഡറല്‍ അപ്പീല്‍ കോടതികള്‍ക്ക് മുമ്പാകെ പ്രധാനപ്പെട്ട കേസുകളില്‍ ഓഹിയോയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ മികച്ച അപ്പലേറ്റ് അഭിഭാഷകയായി മഥുര ശ്രീധരന്‍ പ്രവര്‍ത്തിക്കുമെന്ന് എജിയുടെ പ്രഖ്യാപനം ചിലരെ ചൊടിപ്പിച്ചു. നിയമനത്തിന് തൊട്ടുപിന്നാലെ, ശ്രീധരന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വൈറലാവുകയും ഒരുകൂട്ടര്‍ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. മഥുര ശ്രീധരനെ ഓണ്‍ലൈനില്‍ ട്രോളിയവര്‍ക്ക് അവരുടെ പൊട്ടും ഇരുനിറവുമെല്ലാം അധിക്ഷേപിക്കാനുള്ള കാരണമായി. അവരുടെ നെറ്റിയിലെ കറുത്ത പൊട്ടു ചൂണ്ടിക്കാണിച്ചുകൊണ്ട് ‘യുഎസ് അല്ലാത്ത’ ഒരു വ്യക്തിയെ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ ഓഹിയോ അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്തെത്തി. മഥുരയെ ഈ പദവിയിലേക്ക് നിയമിച്ച യോസ്റ്റ്, അവരെ അമേരിക്കക്കാരിയല്ലെന്ന് തെറ്റായി ചിത്രീകരിക്കുകയാണെന്ന് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് യോസ്റ്റ് മഥുരയെ പ്രതിരോധിച്ച് രംഗത്തെത്തിയത്.
‘ചില കമന്റുകളില്‍ മഥുര അമേരിക്കക്കാരിയല്ലെന്ന് തെറ്റായി പ്രചരിക്കുന്നു. അവര്‍ ഒരു യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൗരനാണ്, ഒരു യുഎസ് പൗരനെയാണ് അവര്‍ വിവാഹം കഴിച്ചിരിക്കുന്നത്, കൂടാതെ പൗരത്വം നേടിയ യുഎസ് പൗരന്മാരുടെ മകളുമാണ്. ‘അവരുടെ പേരോ നിറമോ നിങ്ങളെ അലട്ടുന്നുവെങ്കില്‍, പ്രശ്‌നം അവള്‍ക്കോ അവളെ നിയമനവുമായോ ബന്ധപ്പെട്ടല്ല.
‘മഥുര അതിബുദ്ധിമതിയാണ്, സുപ്രീം കോര്‍ട്ട് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നടന്ന വാദത്തില്‍ അവര്‍ വിജയിച്ചുവെന്നും അവര്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന രണ്ട് സോളിസിറ്റര്‍ ജനറല്‍മാരും അവരെ ശുപാര്‍ശ ചെയ്തിരുന്നുവെന്നും ഡേവ് യോസ്റ്റ് കൂട്ടിച്ചേര്‍ത്തു. മഥുരയുടെ നിറവും പേരും പൊട്ടും പ്രശ്‌നമുള്ളവരുടെ ചിന്തയ്ക്കാണ് പ്രശ്‌നമെന്നും യോസ്റ്റ് പ്രതികരിച്ചിരുന്നു.
AG Yost today named Mathura Sridharan as his pick for Ohio’s 12th solicitor general, the state’s top attorney for appeals in state and federal courts.
Details: https://t.co/IloRCZLpXD pic.twitter.com/3uaLuV57rP— Ohio Attorney General Dave Yost (@OhioAG) July 31, 2025
Read more
യോസ്റ്റിന്റെ നിലപാടിനേയും ട്രോളുന്നവര്‍ക്ക് മഥുരയുടെ മതവും പ്രശ്‌നമായി. ‘അവള്‍ ഒരു ക്രിസ്ത്യാനിയാണോ? അതാണ് തന്നെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന ഘടകമെന്നും അവളുടെ നെറ്റിയിലെ പൊട്ട് കാണുമ്പോള്‍, അവര്‍ അങ്ങനെയല്ലെന്ന് ഞാന്‍ ഭയപ്പെടുന്നു, എന്ന് വരെ ഒരാള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ‘മറ്റൊരു അമേരിക്കന്‍ ജോലി… വിദേശികള്‍ക്ക് നല്‍കിയിരിക്കുന്നുവെന്നും ‘അവര്‍ ഇന്ത്യക്കാരിയാണ്. അവര്‍ക്കെല്ലാം ആദ്യം കൂറ് മറ്റ് ഇന്ത്യക്കാരോടാണ് എന്നിങ്ങനെ അധിക്ഷേപം തുടര്‍ന്നു. രണ്ടാമത് അധികാരത്തിലെത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച മേക്ക് അമേരിക്ക ഗ്രേറ്റ് ക്യാമ്പെയ്‌ന് പിന്നാലെ സ്വദേശിവല്‍ക്കരണ ആഹ്വാനവും സ്വജനപക്ഷപാതവും അമേരിക്കയെ വലിയ തെരുവ് യുദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അക്രമത്തിനും കൂടുതല്‍ വളക്കൂറുള്ള മണ്ണാക്കി മാറ്റി കഴിഞ്ഞു.







