ഓസ്‌ട്രേലിയയിലേക്ക് ജോലിമാറാനുള്ള ശ്രമത്തിനിടെ കുടുംബ വഴക്ക്; വാശിക്ക് പരസ്പരം കുത്തി; കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ ചോര വാര്‍ന്ന് മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ പരസ്പരം കുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയില്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമികവിവരം. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചോര വാര്‍ന്നുള്ള മരണമാണ് ഇരുവര്‍ക്കും ഉണ്ടായിരിക്കുന്നത്.

ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ടുപേരും ഓസ്‌ട്രേലിയയിലേക്ക് ജോലിമാറാനുള്ള ശ്രമത്തിലായിരുന്നു. അതിനാല്‍ ദമ്പതിമാരുടെ മക്കളെ നാട്ടിലാക്കിയിരുന്നു.

Read more

സൂരജ് സുര്‍റ ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയില്‍ ഐ.സി.യു യൂനിറ്റിലും ബിന്‍സി സബ്ഹാന്‍ ജാബിര്‍ അല്‍ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. 10 വര്‍ഷത്തോളമായി ഇരുവരും കുവൈത്തിലുണ്ട്. ഇരുവര്‍ക്കും രണ്ടു കുട്ടികളുണ്ട്. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.