മയക്കുമരുന്നു നൽകി പീഡിപ്പിച്ചത് അഞ്ച് സ്ത്രീകളെ; ഇന്ത്യാക്കാരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ഓസ്ട്രേലിയൻ കോടതി

അഞ്ച് കൊറിയൻ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മയക്കുമരുന്ന് നൽകി ക്രൂരമായി ബലാത്സം​ഗം ചെയ്ത കേസിൽ ഇന്ത്യക്കാരനെ കുറ്റവാളിയെന്ന് കണ്ടെത്തി ഓസ്ട്രേലിയൻ കോടതി. സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയത്.

സ്ത്രീകളെ മയക്കു മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, ബെഡിനരികിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധൻഖർ തന്റെ ലൈംഗികാതിക്രമങ്ങൾ വീഡിയോയിൽ പകർത്തിയതായും പറയുന്നു. 2018-ൽ മറ്റ് സ്ത്രീകളുമൊത്തുള്ള ഇയാളുടെ നിരവധി വീഡിയോ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ ബലാത്സം​ഗം ചെയ്തിരുന്നത്.

ഓസ്‌ട്രേലിയയിലെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുൻ മേധാവിയായിരുന്നു ഇയാൾ. സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധൻഖറെന്നും കോടതി പറഞ്ഞു.രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരൻ എന്നും പ്രതിയെ കോടതി വിശേഷിപ്പിച്ചു. ജാമ്യത്തിൽ തുടരാൻ ധൻഖർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 കാരനായ ധൻഖറിനെതിരെ വർഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡാറ്റാ വിദഗ്ധനാണ് കുറ്റവാളിയായ ധൻഖർ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇയാൾ കോടതിവിധിയോട് പ്രതികരിച്ചത്. തന്റെ ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് ഇത്തരം കാര്യങ്ങളിലേക്ക് നയിച്ചതെന്ന് ധൻഖർ കോടതിയോട് പറഞ്ഞു. ഇതേ കാരണം പറഞ്ഞാണ് ഇയാൾ യുവതികളെ വശത്താക്കിയിരുന്നത്. സിഡ്നി മോണിംഗ് ഹെറാൾഡ് പത്രമാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.