റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ഇന്ത്യക്കൊപ്പം ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും നാറ്റോ മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട്് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ മേധാവി മാര്‍ക്ക് റൂട്ടെ ഈ മൂന്ന് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ഇന്ത്യ അടക്കം രാജ്യങ്ങള്‍ക്ക് റഷ്യന്‍ ബന്ധത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
യുക്രെയ്നിനെതിരായ യുദ്ധത്തിനിടയില്‍ റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ ദ്വിതീയ ഉപരോധങ്ങള്‍ ബാധിക്കുമെന്നാണ് ബുധനാഴ്ച നാറ്റോ മുന്നറിയിപ്പ് നല്‍കിയത്. 50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിര്‍ത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു.
‘ഈ മൂന്ന് രാജ്യങ്ങളോടും എനിക്ക് പറയാനുള്ളത്, പ്രത്യേകിച്ച് നിങ്ങള്‍ ഇപ്പോള്‍ ബീജിംഗിലോ ഡല്‍ഹിയിലോ താമസിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലിന്റെ പ്രസിഡന്റാണെങ്കില്‍, നിങ്ങള്‍ ഇത് ശ്രദ്ധിക്കണം. കാരണം ഉപരോധങ്ങള്‍ നിങ്ങളെ വളരെയധികം ബാധിച്ചേക്കാം, അതുകൊണ്ട് ദയവായി വ്ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹത്തോട് നിങ്ങള്‍ പറയണം. അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും’
50 ദിവസത്തിനകം സമാധാനക്കരാര്‍ കൊണ്ടുവരണമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റുട്ടെയുടെ മുന്നറിയിപ്പി. 50 ദിവസമെന്ന കാലതാമസം ആശങ്കപ്പെടുത്തുന്നുവെന്നും ഈ 50 ദിവസത്തിനുള്ളില്‍ പുടിന്‍ യുദ്ധം ജയിക്കാനോ, കൊലപാതകങ്ങള്‍ നടത്തി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി വിലപേശലിന് ശ്രമിക്കാനോ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ റുട്ടെ ഈ ദിവസങ്ങളില്‍ എന്തു ചെയ്താലും അതൊന്നും വിലപേശലിനായി പരിഗണിക്കില്ലെന്ന് പുടിനോട് പറയണമെന്നും ഇന്ത്യയോടും ബ്രസിലിനോടും ചൈനയോടും ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളില്‍ യുക്രൈനിന് സാധ്യമായ ഏറ്റവും മികച്ച സ്ഥാനം ഉറപ്പാക്കുന്നതിന് യൂറോപ്പ് പണം കണ്ടെത്തുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ റുട്ടെ വ്യക്തമാക്കി.
അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ നിരവധി അംഗങ്ങളും ഉള്‍പ്പെടെ 32 രാജ്യങ്ങളുടെ സൈനിക സഖ്യമാണ് നാറ്റോ. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന്‍ ആക്രമിക്കുകയായിരുന്നു. ഇത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ സംഘര്‍ഷത്തിന് കാരണമായി എന്നതാണ് വസ്തുത. കീവുമായി സമാധാന കരാര്‍ ചര്‍ച്ച ചെയ്യാന്‍ മോസ്‌കോയെ നിര്‍ബന്ധിതരാക്കുന്നതിനായി അമേരിക്കയും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യന്‍ ബിസിനസുകള്‍ക്കും കയറ്റുമതിക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 മുതല്‍ റഷ്യയില്‍ നിന്ന് വിലകുറഞ്ഞ ഇന്ധന ഇറക്കുമതി വര്‍ധിപ്പിച്ച രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്നുവെന്നിരിക്കെയാണ് റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്ന തരത്തിലുള്ള നാറ്റോയുടെ മുന്നറിയിപ്പ്. വലിയ തോതിലുള്ള ഇന്ധന വാങ്ങലുകള്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയെ ഞെരുക്കാനുള്ള പാശ്ചാത്യരുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അതുവഴി പരോക്ഷമായി യുക്രെയ്നിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നുമുള്ള ആശങ്കയാണ് വാഷിംഗ്ടണ്‍ ഉയര്‍ത്തിയിട്ടുള്ളത്.