ഇമ്രാന്‍ ഖാനോട് രാജിവെച്ചൊഴിയാന്‍ സൈന്യം ആവശ്യപ്പെട്ടു, ഒ.ഐ.സി മീറ്റിംഗ് കഴിഞ്ഞാല്‍ ആ നിമിഷം പുറത്ത് പോകണം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സൈന്യത്തിന്റെ തിരുമാനം. പാക്കിസ്ഥാനില്‍ ഈ മാസം നടക്കുന്ന ഓര്‍ഗനൈസേഷന് ഒഫ് ഇസ്‌ളാമിക് കണ്‍ട്രീസിന്റെ സമ്മേളനം കഴിഞ്ഞാല്‍ രാജി സമര്‍പ്പിക്കാനാണ് പാക്കിസ്ഥാന്‍ സൈനിക തലവന്‍ ഖുമ്‌റാ ബാവ്ജാ പ്രധാനമന്ത്രിയോട്  ആവശ്യപ്പെട്ടിരിക്കുന്നത്. ബാവ്ജയുടെ വസതിയില്‍ ഇന്ന് കൂടിയ സൈനിക കമാണ്ടര്മാരുടെ യോഗമാണ് ഇമ്രാന്‍ഖാനോട് രാജി ആവശ്യപ്പെടാന്‍ തിരുമാനിച്ചത്. പ്രതിപക്ഷ കക്ഷികള്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് 25നാണ് പാക് നാഷണല്‍ അസംബ്‌ളിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചിരുന്നത്.

പാക് ചാരസംഘടനയായ ഐ എസ് ഐ യുടെ തലവന്‍ ലഫ്. ജനറല്‍ നദീം അജ്ഞും ഇന്ന് ഇമ്രാന്‍ ഖാനെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബലൂചിസ്താനിലെ വിമതരെ അടിച്ചൊതുക്കാന്‍ ഇമ്രാന്‍ഖാന് കഴിയാതെ പോയത് സൈന്യത്തിന്റെ കടുത്ത അസംതൃപ്തി വിളിച്ചുവരുത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹരിക് എ ഇന്‍സാഫ് പാര്‍ട്ടി ബലൂചിസ്താനിലെ ആഭ്യന്തര സംഘര്ഷങ്ങളില്‍ പട്ടാളത്തിന് അനുകൂലമായ നിലപാട് എടുത്തില്ലന്ന എതിര്‍പ്പ് സൈന്യത്തിനുണ്ട്.

മുന്‍ സൈനിക മേധാവികളെ ഇടപെടുവിച്ച് സൈന്യത്തിന്റെ അസംതൃപ്തി ലഖൂകരിക്കാന്‍ ഇമ്രാന്‍ ശ്രമിച്ചങ്കിലും അത് ഫലം കണ്ടില്ല. ഇമ്രാന്‍ഖാന്  ‘അന്തസുള്ള ഒരു വിടവാങ്ങല്‍ ‘ നല്‍കാതെ പിടിച്ചു പുറത്ത് കളയണമെന്നാണ് ലഫ് ജനറല്‍ ബാവ്ജയുടെ വസതിയില്‍ കൂടിയ സൈനിക കമാണ്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ഒ ഐ സി മീറ്റിംഗ് കഴിയുന്നതോടെ ഇമ്രാന്‍ഖാന് പുറത്തേക്കുള്ള വഴി തെളിയുകയാണ്.