ഇമ്രാന്‍ ഖാന്‍ വീഴുമോ വാഴുമോ? അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്

പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് ഇന്ന് നിര്‍ണ്ണായകം. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്മേല്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ പതിനൊന്നരയ്ക്കാണ് ദേശീയ അസ്ലംബി ചേരുന്നത്. ഘടകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ തന്നെ ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഇമ്രാന്‍ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

അതിനാല്‍ സര്‍ക്കാര്‍ ഈ കടമ്പ കടക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പാക് ജനതയോട് ഇമ്രാന്‍ ഖാന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സമാധാനപരമായി തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് ഇമ്രാന്‍ ഖാന്‍ ജനതയോട് ആഹ്വാനം ചെയ്തത്. പാകിസ്ഥാനിലെ ഭരണം അട്ടിമറിക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നുവെന്നും അതിനെതിരെ പ്രതിഷേധിക്കണം എന്നുമാണ് ആഹ്വാനം.

ഇമ്രാന്‍ ഖാന്‍ രാജിവെച്ച് ഒഴിയുകയാണെങ്കില്‍ പ്രതിപക്ഷ നേതാവും പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് നേതാവുമായ ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷരീഫ്. ഷഹബാസ് ഷരീഫ് അടുത്ത പാക് പ്രധാനമന്ത്രിയായേക്കുമെന്ന സൂചന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയാണ് കഴിഞ്ഞദിവസം നല്‍കിയത്.

Read more

ഷഹബാസ് ഷരീഫാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സഹോദരന്‍ നവാസ് ഷരീഫ് പുറത്താക്കപ്പെട്ടതോടെ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- എന്‍ വിഭാഗത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണ് ഷഹബാസ് ഷരീഫ്.