'പരാതി പറയാതെ എന്ത് ജോലി വേണമെങ്കിലും അവള്‍ ചെയ്‌തോളും';സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് അടിമ വില്‍പന

സമൂഹ മാധ്യമങ്ങളിലെ സേവനങ്ങളും ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ അംഗീകൃത ആപ്ലിക്കേഷനുകളും ഉപയോഗിച്ച്  അടിമ വില്‍പന. ബിബിസി ന്യൂസ് അറബിക് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ചാണ്  ഓണ്‍ലൈന്‍ അടിമ വില്‍പന നടക്കുന്നത്. 16 വയസുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെയാണ് അടിമകളായി വില്‍ക്കുന്നത്. ഇവര്‍ പരാതിയൊന്നും പറയാതെ എന്ത് തരം ജോലികളും ചെയ്യുമെന്നുള്ള വാഗ്ദാനങ്ങളാണ് അടിമ വില്‍പ്പനക്കാര്‍ നല്‍കുന്നത്.

ഭാര്യാഭര്‍ത്താക്കന്മാരാെന്ന വ്യാജേനയാണ് ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ അടിമ വില്‍പനക്കാരെ സമീപിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ 4 സേയ്ല്‍ എന്ന ആപ്ലിക്കേഷനില്‍ നിരവധി സ്ത്രീകളെ വില്‍പനയ്ക്ക് വെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളും ഇത്തരക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. നിയമലംഘനമാണെന്ന് അറിഞ്ഞു  കൊണ്ടാണ് ഇവരുടെ കച്ചവടം എന്ന് ബിബിസി പുറത്തുവിട്ട ” വീട്ടുജോലിക്കാര്‍ വില്‍പ്പനയ്ക്ക്; സിലിക്കണ്‍ വാലിയിലെ അടിമ കച്ചവടം” എന്ന വീഡിയോയില്‍ വ്യക്തമാണ്.

ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ ബന്ധപ്പെട്ട ഒരു വില്‍പ്പനക്കാരി പരിചയപ്പെടുത്തിയത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയില്‍നിന്നുള്ള 16 വയസുകാരിയെയാണ്. 3800 അമേരിക്കന്‍ ഡോളറാണ് (2,71,021 രൂപ) ഈ കുട്ടിയുടെ വില.

“ഇവിടെ ഒരു കുട്ടിയെ ഒരു സ്വകാര്യ സ്വത്തെന്ന പോലെ വില്‍ക്കുന്നതും കച്ചവടം ചെയ്യുന്നതും നമ്മള്‍ കാണുന്നു. ആധുനിക അടിമത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്.” യുഎന്‍ പ്രത്യേക പ്രതിനിധി ഊര്‍മിള ഭൂല ബിബിസി ന്യൂസിനോട് പറഞ്ഞു.