സൂര്യന്റെ ഒരു ഭാഗം അകന്നു മാറി ; കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർ

ശാസ്ത്രലോകത്തിന് എന്നും അത്ഭുതമാണ് സൂര്യനെ ചുറ്റിപ്പറ്റിയുള്ള ഓരോ കാര്യങ്ങളും. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വേർപെട്ടെന്ന ഗവേഷകരുടെ കണ്ടെത്തലാണ് ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വഴിയാണ് സൂര്യനിലെ ദൃശ്യവിസ്മയം കണ്ടെത്തിയത്. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വേർപെടുകയും ഇതുമൂലം ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണ് ശാസ്ത്രലോകം പറയുന്നത്.

ബഹിരാകാശ ശാസ്ത്രജ്ഞരെ പോലും അമ്പരപ്പിച്ച ദൃശ്യത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ഇവ ബാധിക്കുമോ എന്നും വിശകലനം ചെയ്തുവരികയാണെന്നും ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ആണ് ഇതിന്റെ ദൃശ്യം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചത്. സൂര്യന്റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരു ഭാ​ഗം പ്രധാന ഫിലമെന്റിൽ നിന്ന് വേർപ്പെട്ടത്. തുടർന്ന് സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും ചുഴി രൂപത്തിൽ വേർപ്പെട്ട ഭാ​ഗം കറങ്ങുകയാണെന്നും ഡോ. സ്കോവ് ട്വീറ്റിൽ പറഞ്ഞു.

സൂര്യൻ തുടർച്ചയായി ഇത്തരത്തിൽ സൗരജ്വാലകൾ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സൗരജ്വാലകൾ ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഒരു ഭാഗമാണ് വേർപ്പെട്ടതെന്നും ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്നുമാണ് നാസയുടെ പ്രതികരണം. വേർപ്പെ‌ട്ട ഭാ​ഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ ധ്രുവത്തെ ചുറ്റാൻ ഏകദേശം എട്ട് മണിക്കൂർ സമയമെടുക്കുന്നുണ്ടെന്ന് പിന്നീട് നടത്തിയ നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി സ്കോവ് ട്വീറ്റിൽ പറഞ്ഞു.

അതേസമയം, സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വിഘടിച്ചപ്പോഴുണ്ടായ ചുഴി താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് യുഎസ് നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ചിലെ സോളാർ ഫിസിസിസ്റ്റ് ആയ സ്കോട്ട് മക്കിന്റോഷ് പറഞ്ഞു. വിചിത്രമായ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ വിശകലനം നടത്തുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞർ . സൂര്യൻ മുഴുവൻ സമയവും ശാസ്ത്രലോകത്താൽ നിരീക്ഷിക്കപെടുന്നുണ്ട്. ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്നതും ഭൂമിയിലെ ആശയവിനിമയത്തെ തടസപ്പെടുത്തുന്നതുമായ ഒന്നിലധികം ശക്തമായ സൗരജ്വാലകളാണ് സൂര്യൻ ഈ മാസം പുറപ്പെടുവിച്ചത്.

സൂര്യനിൽ നിന്ന് വേർപെടുന്ന പദാർത്ഥത്തെ സൗരജ്വാല എന്നാണ് വിളിക്കുക. ഇവ ഭൂമിയിൽ നേരിട്ട് സ്വാധീനം ചെലുത്തുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. എന്നാൽ സൗരജ്വാലകൾ ഭൂമിയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെങ്കിലും സൂര്യന്റെ തകരാറുകളും നക്ഷത്രത്തിലുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങളും തുടരും എന്നാണ് സൂചന. ഉപരിതലത്തിലെ ഒരു ഭാഗം വിഘടിച്ചതോടുകൂടി സൗരകളങ്കങ്ങളുടെ എണ്ണവും സൗരജ്വാലകളുടെ പൊട്ടിത്തെറിയും ഗണ്യമായി വർദ്ധിക്കുകയാണ് ചെയ്തത്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് സ്ഥിതിഗതികൾ ഇതേ രീതിയിൽ കുറച്ചുകാലം കൂടി തുടരുമെന്നാണ് സൂചന.

Read more

പതിനൊന്ന് വർഷത്തെ സൗരചക്രത്തിൽ സൂര്യന്റെ 55 ഡിഗ്രി അക്ഷാംശത്തിന് സമീപം അസാധാരണമായ പ്രവർത്തനങ്ങൾ സാധാരണയായി സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷം ഭൂമിയെ കാര്യമായി ബാധിക്കുമെന്ന് കരുതിയിരുന്ന സൗരജ്വാലകൾ പോലെയുള്ളവ വിദഗ്ധർ പതിവായി കാണാറുണ്ട്. എന്നാൽ ഈ ദൃശ്യം ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചിരിക്കുകയാണ്.