ചെങ്കടലിലൂടെ പോവുകയായിരുന്ന കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം. യെമെന്റെ തെക്കുപടിഞ്ഞാറന്‍ തീരത്താണ് ഗ്രീക്ക് ഉടമസ്ഥതയിലുള്ള, ലൈബീരിയന്‍ പതാകനാട്ടിയ ‘മാജിക് സീസ്’ എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കപ്പലിലെ സുരക്ഷാവിഭാഗം അക്രമികള്‍ക്കുനേരേ പ്രത്യാക്രമണം നടത്തി.
സംഘര്‍ഷം അവസാനിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്കി. എട്ട് ചെറുബോട്ടുകളിലെത്തിയ സായുധസംഘം ഗ്രനേഡുകളും ചെറുബോംബുകളുമെറിഞ്ഞാണ് ആക്രമണത്തിനു തുടക്കമിട്ടത്. പിന്നീട് കപ്പലിനുനേരെ ഡ്രോണാക്രമണവുമുണ്ടായി. ഡ്രോണുകളിലൊന്നേറ്റ് കപ്പലിന്റെ മേല്‍ത്തട്ടില്‍ തീപിടിച്ചു.
Read more
യെമെനിലെ ഹൂതികളാണ് പിന്നിലെന്ന് ആയുധങ്ങളിലെ അടയാളം നോക്കി കപ്പല്‍ജീവനക്കാര്‍ വ്യക്തമാക്കി. ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന നൂറോളം കപ്പലുകള്‍ ഹൂതിവിമതര്‍ ആക്രമിച്ചിട്ടുണ്ട്. രണ്ടെണ്ണത്തെ പൂര്‍ണമായും കടലില്‍ മുക്കി. ഏപ്രില്‍ പാതിക്കുശേഷം ചെങ്കടലില്‍ കപ്പല്‍ ആക്രമിക്കപ്പെടുന്നത് ആദ്യമാണ്.







