'റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയർന്ന തീരുവ തുടരും'; ഇന്ത്യക്ക് മേൽ ഭീഷണി മുഴക്കി ട്രംപ്

ഇന്ത്യക്ക് മേൽ പുതിയ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയര്‍ന്ന തീരുവ തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം നേരത്തെ റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു.

റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപും മോദിയും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോള്‍ ‘അവര്‍ അങ്ങനെയാണ് പറയുന്നതെങ്കില്‍ അവര്‍ വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരും. അങ്ങനെ ഒരു കാര്യം അവര്‍ ആഗ്രഹിക്കില്ലല്ലോ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇക്കഴിഞ്ഞ ബുധനാഴ്ച ഓവല്‍ ഓഫീസില്‍വെച്ചാണ് റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി ഉറപ്പുനല്‍കിയതായി ട്രംപ് പറഞ്ഞത്. ഇതൊരു വലിയ ചുവടുവെയ്പ്പാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നാണ് എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് ലഭിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന് റഷ്യയ്ക്ക് ധനസഹായം നല്‍കുന്ന തരത്തിലാണ് തന്റെ ഭരണകൂടം ഈ കച്ചവടത്തെ കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Read more