ആരോഗ്യാവസ്ഥ മോശം; യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം, ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ്  മാർപാപ്പ പങ്കെടുക്കില്ല

ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകൾ ഒഴിവാക്കുന്നതിനാൽ ഇത്തവണ ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരിക്കെയാണ് അദ്ദേഹത്തിന് അസുഖം പ്രസിസന്ധിയായത്. 86 കാരനായ മാർപ്പാപ്പ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിൽസയിലായിരുന്നു. ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് അറിയിച്ചു.

ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പോപ് ഫ്രാന്‍സിസ് അറിയിച്ചിരുന്നത്.മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങാനായിരുന്നു തീരുമാനം. ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും നേരത്തെ വത്തിക്കാൻ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തിൽ കാലാവസ്ഥ വ്യതിയാനം നിമിത്തം ലോകം തകരുകയാണെന്ന് മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ ദുബായിലെ കാലാവസ്ഥ ഉച്ചക്കോടിയിൽ ശക്തമായി പ്രതീകരിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ വിദഗ്ധ പരിശോധനയിൽ ന്യുമോണിയ ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റ് ചില അണുബാധകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞായറാഴ്ച ഔദ്യോഗിക വസതിയിലെ ചാപ്പലില്‍ ഇരുന്നായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പ തിരുകർമ്മങ്ങളിൽ പങ്കെടുത്തത്.പതിവുപോലെ വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ഈ വർഷത്തിൽ നിരവധി തവണയാണ് ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിരുന്നു. മാർച്ച് മാസത്തിൽ ബ്രോങ്കൈറ്റിസ് ബാധിതനായ മാർപ്പാപ്പ ജൂണ്‍ മാസത്തിൽ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നിരുന്നു.