ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തില്‍ കൂടുതല്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരം പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1438 പേർ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോ‍ർട്ട് ചെയ്യുന്ന കൂടിയ മരണനിരക്കാണിത്. ഇറ്റലിയിൽ മരണസംഖ്യ ഇരുപത്തിയൊന്നായിരം കടന്നു. കോവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങൾ എഴുതി തള്ളാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.

അമേരിക്കയിൽ കോവിഡ് മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. എന്നാൽ ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ന്യൂയോർക്കും, ലോസ് ഏഞ്ചൽസും 2021 വരെ ആളുകൾ കൂടുതലായി എത്തുന്ന കായിക, വിനോദ പരിപാടികൾ റദ്ദ് ചെയ്തേക്കും. വിപണി തുറക്കാൻ പ്രസിഡന്റ് ട്രംപ് നിരവധി സിഇഒ മാരുമായി ചർച്ച നടത്തി. അതിനിടെ ചൈനയിലെ ോവിഡ് മരണനിരക്കിൽ സംശയം പ്രകടിപ്പിച്ച്  പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ജർമ്മനിയിൽ അടുത്താഴ്ച മുതൽ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം. അതിനിടെ ഫ്രഞ്ച് നാവിക സേനയുടെ ചാൾസ് ഡിഗോൾ കപ്പലിലെ 668 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു.