ജോലിസമയത്ത് ഉറങ്ങിയതിനും ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതിന് ചൈനയിലെ പൊലീസ് നായയുടെ ബോണസ് തടഞ്ഞു. നായയ്ക്ക് വർഷാവസാനം ലഭിക്കേണ്ടിയിരുന്ന ബോണസാണ് നഷ്ടമായത്. ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായയായ ഫുസായിയാണ് നിയമനടപടികൾ നേരിട്ടത്. സംഭവം പുറത്ത് വന്നതോടെ ഫുസായിക്ക് ബോണസ് തുക തിരികെ നൽകണമെന്നാണ് ആവശ്യമുയരുന്നത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 28ന് ജനിച്ച ഫുസായ്, വടക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി മുതൽ നായയെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്തു.
ഈ സമയങ്ങളിൽ ഫുസായിക്ക് സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയും ലഭിച്ചിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള ഫുസായിയുടെ കഴിവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവവും ആകർഷണീയമായ ശരീരപ്രകൃതവുമായിരുന്നു അതിന് കാരണം. രണ്ട് മാസം പ്രായമായ ഫുസായിയെ ഒരിക്കൽ യഥാർത്ഥ ഉടമ പാർക്കിൽ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് പൊലീസിൻ്റെ ഡോഗ് ട്രെയിനർ ഷാവോ ക്വിൻഷുവായ് നായയുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഫുസായി പൊലീസിൻ്റെ നായ പരിശീലന കേന്ദ്രത്തിൽ എത്തിപ്പെടുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫുസായി പൂർണയോഗ്യതയുള്ള പൊലീസ് നായയായി മാറുകയായിരുന്നു. വെയ്‌ഫാംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫുസായിക്ക് ബോണസ് തുക നഷ്ടമായ വിവരം പുറത്തുവന്നത്.
View this post on Instagram
384,000ൽ അധികം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ പേജാണിത്, ഫുസായിയുടെയും മറ്റ് പൊലീസ് നായ്ക്കളുടെയും പുതിയ വിശേഷങ്ങളുമാണ് ഈ പേജിൽ പ്രധാനമായും പങ്കുവയ്ക്കാറുളളത്. നിരവധി സുരക്ഷാജോലികൾ ചെയ്തതിന് ഫുസായിക്ക് സമ്മാനം ലഭിക്കുന്ന വീഡിയോകളും പേജിലുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുസായി ചില അച്ചടക്ക ലംഘനങ്ങൾ കാണിക്കുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നു. പുതിയ പോസ്റ്റ് വൈറലായതോടെ ഫുസായ്ക്ക് നഷ്ടപ്പെട്ട ബോണസ് തുക വാഗ്ദാനം ചെയ്ത് നിരവധി ആരാധകരും രംഗത്തെത്തുന്നുണ്ട്. മറ്റുചിലർ ഫുസായിക്ക് ബോണസ് തുക തിരികെ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.







