വിവാഹവേദിയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക്; റൈഫിളുമേന്തി ഉക്രൈനില്‍ നവദമ്പതിമാര്‍

പ്രിയപ്പെട്ടവര്‍ക്കൊപ്പം നദിക്കരയിലെ റസ്റ്റോറന്റില്‍ ആഘോഷകരമായ വിവാഹം സ്വപ്‌നം കണ്ടവരാണ് ഉക്രേനിയക്കാരായ യരീന അരീവയും സ്യറ്റോസ്ലാവ് ഫുര്‍സിനും ഒരു ആശ്രമത്തില്‍ ലളിതമായി തങ്ങളുടെ വിവാഹം നടത്തി.

ആര്‍ഭാടത്തോടെ മെയ് മാസത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട യുദ്ധം ഇവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. യുദ്ധത്തെ തുടര്‍ന്ന് സാഹചര്യങ്ങള്‍ മോശമാകാന്‍ തുടങ്ങി. ആളുകള്‍ പാലായനം ചെയ്യുകയും സുരക്ഷിത ഇടങ്ങള്‍ തേടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും നേരത്തെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

കൈവ് സിറ്റി കൗണ്‍സിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് 24കാരനായ ഫര്‍സിന്‍. വിവാഹശേഷം ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ഭയപ്പെടാന്‍ നില്‍ക്കാതെ സ്വന്തം മണ്ണിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി പോരാടാന്‍ ഇറങ്ങിയിരിക്കുകയാണ് ഈ നവദമ്പതികള്‍.

എയര്‍ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. എന്നാലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ അതിനെല്ലാം മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു എന്ന് അരീവയുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ദമ്പതികള്‍. നമ്മുടെ നാടിനെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട് എന്നും അരീവ പറഞ്ഞു. യുദ്ധമെല്ലാം മാറി ജീവിതം സന്തോഷകരമാകുന്ന ഒരു ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികള്‍.