ഫെയ്സ്ബുക്കിന് എതിരെ മുന്‍ ജീവനക്കാരി രംഗത്ത്; ആരോപണം തെറ്റെന്ന് സുക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരി രംഗത്ത്. ഫെയ്സ്ബുക്ക് കമ്പനിയുടെ കീഴിലുള്ള ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും കുട്ടികളെ മോശമായി ബാധിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിന്റെ മുന്‍ പ്രൊഡക്ട് മാനേജരായിരുന്ന ഫ്രാന്‍സെസ് ഹൗഗെന്‍ ആരോപിക്കുന്നത്. യുഎസിലെ കാപിറ്റോള്‍ ഹില്ലിലായിരുന്നു ഫ്രാന്‍സെസ് ഹൗഗെന്‍ ഇക്കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ഹൗഗന്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടതെന്ന് കമ്പനിക്ക് കൃത്യമായറിയാം. എന്നാല്‍ അതിന് വേണ്ട മാറ്റങ്ങള്‍ അവര്‍ വരുത്തുന്നില്ല. കാരണം അവര്‍ സാമ്പത്തിക ലാഭമാണ് നോക്കുന്നതെന്നായിരുന്നു ഹൗഗന്റെ വിമര്‍ശനം. ഇതോടെ തങ്ങളുടെ പോളിസികളിലും റെഗുലേഷന്‍ നിയമങ്ങളിലും മാറ്റം വരുത്താന്‍ ഫെയ്സ്ബുക്കിന് മേലുള്ള സമ്മര്‍ദ്ദം ശക്തമായി.

തിങ്കളാഴ്ച രാത്രി ഫെയ്സ്ബുക്ക് മണിക്കൂറോളം നിശ്ചലമായതിനെ കുറിച്ചും ഹൗഗെന്‍ പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് ഫെയ്സ്ബുക്ക് സേവനങ്ങള്‍ കുറച്ച് സമയത്തേക്ക് നിന്നുപോയതെന്ന് എനിക്കറിയില്ല. എങ്കിലും ആ കുറച്ച് സമയത്തേക്കെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും ചെറുപ്പക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സ്വന്തം ശരീരത്തെ പറ്റി അപകര്‍ഷതാബോധം വളരാനും ഫെയ്സ്ബുക്ക് കാരണമായില്ലല്ലോ എന്ന സമാധാനമുണ്ട് എന്നായിരുന്നു പ്രതികരണം.

ഫെയ്സ്ബുക്കിന്റെ പല ആഭ്യന്തര രേഖകളും വാള്‍ സ്ട്രീറ്റ് ജേണലിന് കൈമാറിയിട്ടുണ്ടെന്നും ഹൗഗെന്‍ പറഞ്ഞു. ഇത് പ്രകാരം നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഫെയ്സ്ബുക്ക് ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഹൗഗന്റെ ആരോപണത്തിന് പിന്നാലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഫെയ്സ്ബുക്കിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

Read more

വിമര്‍ശനങ്ങള്‍ തെറ്റായ പ്രചാരണമാണെന്നും കമ്പനിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നുമാണ്ം ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ഇപ്പോള്‍ പുറത്തുവരുന്ന വിമര്‍ശനങ്ങള്‍ അധികവും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെ തൊഴിലാളികള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. മോശം കണ്ടന്റുകള്‍ തടയാനുള്ള ശ്രമങ്ങള്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ടെന്നും കത്തിലുണ്ട്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് നിശ്ചലമായതില്‍ ഏഴ് ബില്ല്യണ്‍ യുഎസ് ഡോളര്‍ കമ്പനിക്ക് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2.7 ബില്യണ്‍ പ്രതിമാസ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.