അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ പ്രതിസന്ധിയിലേക്ക്; സ്റ്റുഡൻ്റ് വിസകൾക്ക് സമയപരിധി ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

വിദേശ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്ന നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റുഡൻ്റ് വിസകൾക്ക് സമയപരിധി ഏർപ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് വിസ കാലപരിധിയും ഏർപ്പെടുത്തുന്നത്.

അന്താരാഷ്ട്ര വിദ്യാർഥികൾക്കും സന്ദർശകർക്കും എത്ര കാലം രാജ്യത്ത് തങ്ങാനാകുമെന്നത് പുനർനിശ്ചയിക്കാൻ കഴിയുന്ന വിവാദ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം. 2020ൽ തന്റെ ആദ്യ ഭരണകാലത്ത് ട്രംപ് നിർദേശിച്ച പദ്ധതിയാണിത്.

നിലവിലുള്ള ഫ്ളക്‌സിബിൾ സ്റ്റുഡൻ്റ് വിസ സമ്പ്രദായത്തിന് പകരം വിദ്യാർഥികൾക്ക് ഒരു നിശ്ചിത കാലയളവ് താമസം മാത്രം അനുവദിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിയമം അംഗീകരിക്കപ്പെട്ടാൽ ഓരോ വിദേശ വിസയ്ക്കും ഒരു നിശ്ചിതകാലയളവ് ഉണ്ടാകും. അതായത് ഒരു എക്സ്‌പയറി ഡേറ്റുണ്ടാകും.

Read more

നിലവിൽ എഫ്-1 വിസ കൈവശമുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കും ജെ-1 വിസയിലുള്ള സന്ദർശകർക്കും മുഴുവൻ സമയ എൻാൾമെന്റ് നിലനിർത്തുന്നിടത്തോളം കാലം യുഎസിൽ തങ്ങാനാകും. എന്നാൽ പുതിയ നിർദേശം നടപ്പായാൽ ഇവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ യുഎസിൽ താമസിക്കാൻ സാധിക്കൂ. ഇതോടെ ഇവർ ഇടയ്ക്കിടെ കാലാവധി നീട്ടലിനായി അപേക്ഷിക്കാൻ നിർബന്ധിതരാകും.