നെതര്‍ലന്‍ഡ്‌സിനെ ഇസ്ലാംമുക്തമാക്കുമെന്ന് വാഗ്ദാനം; നുപുര്‍ ശര്‍മയെ പിന്തുണച്ച തീവ്ര വലതുപക്ഷ നേതാവ്; വില്‍ഡേഴ്‌സ് അധികാരത്തിലേക്ക്; ഞെട്ടി ലോകരാജ്യങ്ങള്‍

പ്രവാചക പരാമര്‍ശത്തില്‍ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്‌സ് നെതര്‍ലന്‍ഡ്‌സില്‍ അധികാരത്തിലേക്ക്. നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ച്‌കൊണ്ടാണ് ഗീര്‍ട് വില്‍ഡേഴ്‌സിന്റെ മുന്നേറ്റം. ഇസ്‌ലാം വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുള്ള വില്‍ഡേഴ്‌സ്. 150 അംഗ പാര്‍ലമെന്റില്‍ വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടി എല്ലാ പ്രവചനങ്ങളും തെറ്റിച്ച് 37 സീറ്റ് നേടിയിട്ടുണ്ട്.

എന്നാല്‍, പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് മറ്റു പാര്‍ട്ടികളുടെ പിന്തുണ അദേഹത്തിന് ആവശ്യമാണ്. തിരഞ്ഞെടുപ്പില്‍ ഇത്തവണ 76 സീറ്റാണ് വില്‍ഡേഴ്‌സും പാര്‍ട്ടിയും ലക്ഷ്യമിട്ടിരുന്നത്. ലേബര്‍/ഗ്രിന്‍ സഖ്യത്തിന് 25 സീറ്റും പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസിക്ക് 24 സീറ്റും ലഭിച്ചിട്ടുണ്ട്.

വില്‍ഡേഴ്‌സിന്റെ ഈ മുന്നേറ്റം ഡച്ച് രാഷ്ട്രീയത്തെയും യൂറോപ്പിനെയും ആകെ ഞെട്ടിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിനെ ഇസ്‌ലാംമുക്തമാക്കുമെന്ന് തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രചരണത്തില്‍ വില്‍ഡേഴ്‌സ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വില്‍ഡേഴ്‌സിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

പ്രവാചക പരാമര്‍ശനം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് ആദ്യം എത്തിയ വിദേശനേതാവ് വില്‍ഡേഴ്‌സ് ആയിരുന്നു. പ്രീണനംകൊണ്ട് കാര്യമില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ഇന്ത്യയിലെ എന്റെ പ്രിയ സുഹൃത്തുക്കളേ, നുപുര്‍ ശര്‍മയെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും സ്വാതന്ത്യത്തിനായി നിലകൊള്ളുകയും ചെയ്യുകയെന്നാണ് അന്നു വില്‍ഡേഴ്‌സ് പറഞ്ഞത്.