ക്വാറന്റൈനില്‍ പ്രവേശിച്ചില്ലെങ്കില്‍ തടവും പിഴയും; നിയമ നടപടി കര്‍ശനമാക്കി ഇംഗ്ലണ്ട്

കൊറോണ രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറന്റൈനിലോ ഐസൊലേഷന്‍ വാര്‍ഡിലോ പ്രവേശിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമ നടപടി കര്‍ക്കശമാക്കി ഇംഗ്ലണ്ട്. ഐസൊലേഷനില്‍ പ്രവേശിക്കാത്തവരെ പിടികൂടി ജയിലില്‍ അടയ്ക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും.

ഇതുസംബന്ധിച്ച് പൊലീസിന് പ്രത്യേക അധികാരം നല്‍കുന്ന ഉത്തരവ് ഉടന്‍ തന്നെ പുറത്തുവരുമെന്ന് ടെലഗ്രാഫ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ദ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (കൊറോണ വൈറസ്) റെഗുലേഷന്‍ 2020 എന്ന പേരിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. ഇതിന്റെ കരട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ സംശയിക്കുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇതിനിടയില്‍ പരിശോധനാഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ആരോഗ്യവിഭാഗം അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

ക്വാറന്റൈനില്‍ നിന്നോ ഐസൊലേഷനില്‍ നിന്നോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പിടികൂടി ജയിലില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ സെല്ലില്‍ അടയ്ക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ 1000 യൂറോ പിഴയും ഈടാക്കും. രോഗബാധ സംശയിക്കുന്നയാള്‍ക്ക് പരിശോധന നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമത്തിന്റെ കരട്.

രോഗബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിലാകുന്നയാള്‍ എല്ലാ വ്യക്തിഗത വിവരങ്ങളും യാത്രാവിവരങ്ങളും അധികൃതര്‍ക്ക് നല്‍കണം. ഇതില്‍ തെറ്റായ വിവരം നല്‍കിയാല്‍ പിഴശിക്ഷ ലഭിക്കും. ബ്രിട്ടനില്‍ വ്യാപകമായി കൊറോണ പടര്‍ന്നു പിടിക്കുന്നതോടെയാണ് ഇംഗ്ലണ്ട് കര്‍ക്കശ നിയമവുമായി രംഗത്തെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച് 14 പേരാണ് യുകെയില്‍ മരിച്ചത്. ഇതോടെ യുകെയില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു.