ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധം ശക്തം, പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞ് ജനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ പ്രതിഷേധം രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജിവെക്കാതെ മാലിദ്വീപിലേക്ക് കടന്ന പ്രസിഡന്റിന് എതിരെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. രാജി വൈകുന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ആയിരക്കണക്കിനാളുകള്‍ മാര്‍ച്ച് നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൊളംബോ നഗരത്തില്‍ സുരക്ഷാസേനയെ വിന്യസിച്ചു.

ഇന്ന് രാജിവെക്കുമെന്ന് ഗോതബയ രജപക്‌സെ അറിയിച്ചിരുന്നെങ്കിലും രാജി വെക്കാതെ അദ്ദേഹം നാടുവിടുകയായിരുന്നു. ഭാര്യ ലോമ രാജപക്‌സെയുമൊന്നിച്ച് സൈനികവിമാനത്തില്‍ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജിക്കത്ത് നല്‍കാതെയാണ് പോടതെന്ന് സ്പീക്കറുടെ ഓഫീസും സ്ഥിരീകരിച്ചു.

പ്രസിഡന്റ് രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഗോതബയ രജപക്‌സെ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്.