നാലാം തവണയും രക്ഷയില്ല; പരീക്ഷണത്തിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍; അപകടം നടന്നയിടത്തേക്ക് ജനങ്ങള്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുതെന്ന് മസ്‌ക്

പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. സ്പേസ്എക്സിന്റെ ബഹിരാകാശ ഗവേഷണ-പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിലാണ് അപകടം.

സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയര്‍ന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്‌പേസ് എക്‌സ് സമൂഹമാധ്യമമായ എക്‌സില്‍ അറിയിച്ചു. വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിതീര്‍ക്കുകയായിരുന്നു. വന്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സമീപത്തെ ജനവാസകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും സംഭവം നടന്നയിടത്തേക്ക് ജനങ്ങള്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുതെന്ന് ഏലണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി. സ്‌ഫോടനത്തിനു ശേഷം, പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് കന്പനി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബഹിരാകാശത്തേക്ക് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ആണ് സ്റ്റാര്‍ഷിപ്പ്. മനുഷ്യരെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ്എക്സ് നിര്‍മിക്കുന്ന സൂപ്പര്‍ ഹെവി ലിഫ്റ്റ് റോക്കറ്റാണിത്. ആളപായമില്ലെന്ന് സ്പേസ്എക്സ് വ്യക്തമാക്കി. പൊട്ടിത്തെറിക്ക് പിന്നില്‍ സാങ്കേതിക തകരാറെന്നാണ് വിശദീകരണം.

തുടര്‍ച്ചയായ നാലാം തവണയാണ് പറക്കല്‍ പരീക്ഷണത്തിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുന്നത്. എന്ത് സാങ്കേതിക തകരാറാണെന്നത് ഇതുവരെ വിശദീകരിച്ചിട്ടില്ല. ആക്സിയം 4 മിഷന്റെ തിയതി വീണ്ടും മാറ്റിവച്ചേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സ്പേസ്എക്സിന്റെ ചാന്ദ്ര-ചൊവ്വ ദൗത്യങ്ങളുടെ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്.