ലഹരിയില്‍ പറന്ന് ഇലോണ്‍ മസ്‌ക്; ആശങ്കയിലായി ബോര്‍ഡ് അംഗങ്ങള്‍

ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ആശങ്കയിലായി സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടെയും ബോര്‍ഡ് അംഗങ്ങള്‍. എല്‍എസ്ഡി, കൊക്കെയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ മസ്‌ക് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഉപയോഗം മസ്‌കിന്റെ ആരോഗ്യത്തെയും വ്യവസായത്തെയും നശിപ്പിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ ആശങ്ക.

സ്വകാര്യ സത്കാരങ്ങളില്‍ മസ്‌ക് എല്‍എസ്ഡി, കൊക്കെയ്ന്‍, സൈക്കഡലിക് മഷ്‌റൂം തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുള്ളതായി വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മയക്കുമരുന്നിന്റെ ഉപയോഗം മസ്‌കിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതായും വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇലോണ്‍ മസ്‌ക് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെ തള്ളി. അതേ സമയം നേരത്തെ വിഷാദ രോഗത്തിനുള്ള കെറ്റാമിന്‍ എന്ന മരുന്ന് കഴിച്ചിരുന്നതായി മസ്‌ക് പറയുന്നു. സ്‌പേസ് എക്‌സില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്താറുണ്ടെന്നും അവയിലൊന്നും ഇലോണ്‍ മസ്‌ക് പരാജയപ്പെട്ടിട്ടില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ അറിയിച്ചു.