അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പാകിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തതായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളിലെങ്കില്‍ ഇന്ന് ഇറാനെ അമേരിക്ക ആക്രമിക്കുന്നത് തത്സമയം കണ്ടു സിറ്റുവേഷന്‍ റൂമിലിരിക്കുന്ന ട്രംപാണ് ചര്‍ച്ചകളില്‍. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തുവെന്നത് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ട്രംപിനെ 2026ലെ നോബല്‍ പ്രൈസിനായി നാമനിര്‍ദേശം ചെയ്തത്. ഇതിന് പിന്നാലെയാണ് യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷന്‍ റൂമില്‍’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തല്‍സമയം കാണുന്നതിന്റെ ദൃശ്യങ്ങള്‍ വൈറ്റ് ഹൈസ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ല്‍സും ഉന്നത ഉദ്യോഗസ്ഥരും സൈനിക മേധാവിയും ട്രംപിനൊപ്പമുണ്ടായിരുന്നു. ഇറാനില്‍ അമേരിക്കയുടെ വ്യോമസേന ആണവനിലയങ്ങളെ ആക്രമിക്കുന്നത് ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ചാണ് ട്രംപ് കാണുന്നത്.
President Donald J. Trump in The Situation Room, June 21, 2025 pic.twitter.com/V4pRVzsqcZ
— The White House (@WhiteHouse) June 22, 2025
‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ അഥവാ മഗാ ക്യാമ്പെയ്‌നിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ വീണ്ടും അധികാരത്തിലെത്തിയത്. പ്രചാരണങ്ങളിലെല്ലാം ഈ ചുവന്ന തൊപ്പി ട്രംപിന്റെ തസയിലുണ്ടായിരുന്നു. ഇപ്പോള്‍ അതേ തൊപ്പിവെച്ചാണ് ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിലേക്ക് ഇറങ്ങിയ അമേരിക്കയുടെ സൈനിക നീക്കം ട്രംപ് കണ്ടത്. ഇറാനെതിരായ യുഎസ് ആക്രമണത്തിനിടെ സിറ്റുവേഷന്‍ റൂമിന്റെ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് പങ്കിട്ടത് ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക നേരിട്ട് ഇറാന്‍ യുദ്ധത്തില്‍ പ്രവേശിച്ചതിന്റെ സൂചന ലോകത്തെ അറിയിക്കാനാണ്.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവരും സിറ്റുവേഷന്‍ സന്നിഹിതരായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍ റൂം എന്നറിയപ്പെടുന്നത്. ഒസാമ ബിന്‍ലാദനെ വധിച്ച പാകിസ്ഥാനിലെ ഓപ്പറേഷന്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ നിരീക്ഷിച്ചതും ഈ മുറിയില്‍ ഇരുന്നാണ്.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക ഔദ്യോഗികമായി ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രവേശിച്ചത്. അമേരിക്കന്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് സമീപമുള്ള മൂന്നാമത്തെ സ്ഥലം എന്നിവ ലക്ഷ്യമാക്കി രാത്രിയില്‍ നടത്തിയ ഓപ്പറേഷന്‍ കനത്ത പ്രഹരശേഷി ഉള്ളതായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആക്രമണം സ്ഥിരീകരിച്ചു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി നശിപ്പിക്കുകയും ‘ലോകത്തിലെ ഭീകരതയെ പിന്തുണയ്ക്കുന്ന ഒന്നാം നമ്പര്‍’ രാജ്യത്തിന്റെ ആണവ ഭീഷണി തടയുകയുമാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. സമാധാനം സ്ഥാപിക്കാനും നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാനും ഇറാന്‍ വിസമ്മതിച്ചാല്‍ ഭാവിയിലെ ആക്രമണങ്ങള്‍ ‘വളരെ വലുതും വളരെ എളുപ്പവുമാകുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നല്‍കി.
“ANY RETALIATION BY IRAN AGAINST THE UNITED STATES OF AMERICA WILL BE MET WITH FORCE FAR GREATER THAN WHAT WAS WITNESSED TONIGHT. THANK YOU! DONALD J. TRUMP, PRESIDENT OF THE UNITED STATES” pic.twitter.com/vhTb5uNuCB
— The White House (@WhiteHouse) June 22, 2025
Read more
തന്റെ സമൂഹമാധ്യമത്തിലൂടെയും ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണ വിവരം ട്രംപ് പുറത്തുവിട്ടു. 1979നുശേഷം ആദ്യമായാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നത്. ആക്രമണം വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഇറാന്‍ ചര്‍ച്ചയിലേക്ക് വന്നില്ലെങ്കില്‍ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. മൂന്ന് സ്ഥലങ്ങളും ആക്രമിക്കപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു, ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2:30 ഓടെയാണ് ബോംബാക്രമണം നടന്നതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലങ്ങള്‍ ‘പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്ന് ട്രംപ് അവകാശപ്പെട്ടുവെങ്കിലും ഇറാനിയന്‍ സ്രോതസ്സുകള്‍ പരിമിതമായ വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.