മിഡില്‍ ഈസ്റ്റിലെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍- യുഎസ് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായി.തിങ്കളാഴ്ച യുഎസ് പ്രതിനിധികള്‍ ചര്‍ച്ചക്കായ് പാകിസ്ഥാനിലേക്ക് പോകാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് ശേഷം ഇറാന്‍ നിലവില്‍ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പദ്ധതിയിടുന്നില്ലെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള യുഎസ് ഉപരോധമാണ് ചര്‍ച്ചകയ്ക്ക് ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നത്. അമേരിക്കന്‍ ഡിസ്‌ട്രോയര്‍ വെടിവച്ച് ഇറാനിയന്‍ കപ്പലിനെ പിടികൂടിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ഒമാന്‍ കടലില്‍ യു.എസ്. യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ ചരക്കുകപ്പല്‍ യു.എസ്. സേന പിടിച്ചെടുത്തതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഉപയോഗിച്ച ഡ്രോണുകളുടെ എണ്ണമോ കപ്പലിന് നാശനഷ്ടമുണ്ടായോ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് പുതിയ സംഭവങ്ങള്‍.
ഒമാന്‍ കടലില്‍ ‘തുസ്‌ക’ എന്ന ഇറാനിയന്‍ ചരക്കുകപ്പലാണ് യു.എസ്. പിടിച്ചെടുത്തത്. ഹോര്‍മുസില്‍ യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ കപ്പല്‍ ശ്രമിച്ചതോടെ കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇതോടെ യു.എസ്. കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തു. നിലവില്‍ കപ്പല്‍ യു.എസിന്റെ കസ്റ്റഡിയിലാണെന്നും ട്രംപ് വ്യക്തമാക്കി.
Read more
കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിട്ടുണ്ട്. യു.എസ്. നടപടിയെ ‘ആയുധം ഉപയോഗിച്ചുള്ള കടല്‍ക്കൊള്ള’ എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ യു.എസ്. ലംഘിച്ചതായി ഇറാന്റെ ജോയിന്റ് മിലിട്ടറി കമാന്‍ഡായ ഖാത്തം അല്‍അന്‍ബിയ ആരോപിച്ചു. കപ്പലില്‍ കയറുന്നതിന് മുന്‍പ് യു.എസ്. സേന വെടിയുതിര്‍ക്കുകയും കപ്പലിന്റെ നാവിഗേഷന്‍ സംവിധാനം തകരാറിലാക്കുകയും ചെയ്തതായി ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.







