പോരായ്മകള്‍ പരിഹരിക്കണം;യു.എന്‍ വഴിയുള്ള കോവാക്‌സിന്‍ വിതരണം നിര്‍ത്തി ഡബ്ല്യു.എച്ച്.ഒ

യു.എന്‍ വഴിയുള്ള കോവാക്‌സിന്‍ വിതരണം താല്‍കാലികമായി നിര്‍ത്തിവച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). നിര്‍മ്മാണ സൗകര്യങ്ങള്‍ നവീകരിക്കാനും പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാനും കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് നിര്‍ദ്ദേശിച്ചു. അതേസമയം വാക്സിന്‍ ഫലപ്രദമാണെന്നും സുരക്ഷാ പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ശിപാര്‍ശയുണ്ട്. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല.

മാര്‍ച്ച് 14 മുതല്‍ 22 വരെ ഡബ്ല്യുഎച്ച്ഒ നടത്തിയ പോസ്റ്റ് എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് (ഇ.യു.എല്‍) പരിശോധനയുടെ ഫലങ്ങള്‍ പ്രകാരമാണ് താല്‍കാലികമായി വിതരണം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തോട് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് യോജിച്ചതായും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

കോവാക്‌സിന്‍ സ്വീകരിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നല്‍കിയ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും സാധുവാണ്. വാക്‌സിന്‍ ഫലപ്രാപ്തിയിലും സുരക്ഷയിലും യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചു.

സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോവാക്‌സിന്‍ ഉത്പാദനം കുറയ്ക്കുകയാണ്. പോരായ്മകള്‍ പരിഹരിക്കും. നല്ല നിര്‍മ്മാണ രീതി(ഗുഡ് മാനുഫാക്ച്ചറിങ് പ്രാക്ടീസ്) പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചതായി ഡബ്ല്യുഎച്ച്ഒ പറഞ്ഞു.