ദുരന്തക്കയമായി തുര്‍ക്കിയും സിറിയയും, നടുങ്ങി ലോകം; 4000 കടന്ന് മരണസംഖ്യ , എട്ട് മടങ്ങ് വര്‍ദ്ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4000 പിന്നിട്ടതായി റിപ്പോര്‍ട്ട് . അസോസിയേറ്റഡ് പ്രസ്സാണ് പുതിയ കണക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കിയില്‍ മാത്രം 2,379 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചിരുന്നു, രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ 1,444 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. ആദ്യ ഭൂചലനത്തിനു പിന്നാലെ തുര്‍ക്കിയില്‍ രണ്ടു തുടര്‍ചലനങ്ങളും ഉണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങള്‍ കൂടി ഉണ്ടായി. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

ഭൂചലനത്തില്‍ ദുരിതക്കയത്തിലായ ഇരുരാജ്യങ്ങള്‍ക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എന്‍ഡിആര്‍എഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടു വച്ചത്. ഇതിനകം 45 ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് വിശദീകരിച്ചു.

ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും ഒന്നിച്ചുനിന്നു ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനം അനുഭവപ്പെട്ടുവെന്നും അപായസാഹചര്യം മുന്‍നിര്‍ത്തി ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.