ഇസ്രയേലിന് മേൽ ഡ്രോൺ, മിസൈല്‍ ആക്രമണം നടത്തി ഇറാൻ; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്‍. രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാക്കാര്യങ്ങളും നിരീക്ഷിക്കുന്നതായും ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും നെതന്യാഹു പ്രതികരിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേർന്ന് ഇറാന്റെ ആക്രമണത്തെ അപലപിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു.

സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും പകരം വീട്ടുമെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രേയലിന് നേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അറിയിച്ചു.

ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. ദമാസ്കസിലെ എംബസിയിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഇസ്രയേല്‍ ഇത്തരത്തില്‍ മറ്റൊരു നീക്കം കൂടി നടത്തിയാല്‍ തിരിച്ചടി കൂടുതല്‍ ശക്തമായിരിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയോട് ഇടപെടല്‍ ഒഴിവാക്കാനും ഇറാന്‍ നിർദേശിച്ചു.

അതേസമയം യൂറോപ്യന്‍ യൂണിയനും (ഇയു) ഐക്യരാഷ്ട്ര സഭയും (യുഎന്‍) ഇറാന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം അംഗീകരിക്കാനാകില്ല, ശക്തമായി അപലപിക്കുന്നു. അപ്രതീക്ഷിതമായ നീക്കം മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്, ഇയു വിദേശ നയതലവന്‍ ജോസപ് ബോറല്‍ പറഞ്ഞു. മറ്റൊരു യുദ്ധം കൂടി താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്ന് യുഎന്‍ ജെനറല്‍ സെക്രട്ടറി അന്റോണിയൊ ഗുട്ടറസ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read more