അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍; അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് വേണ്ടി അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി രണ്ട് ഡോസ് വാക്‌സിനുകള്‍ കമ്പനികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് വേണ്ടി ചൊവ്വാഴ്ചയാണ് ഫൈസറും ബയോണ്‍ടെകും അനുമതി തേടിയത്. വാക്‌സിനുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെയാണ് (എഫ്.ഡി.എ) കമ്പനികള്‍ സമീപിച്ചത്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്കും ലോകമെമ്പാടുമുള്ള മറ്റ് ഏജന്‍സികള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും ഫൈസറും ബയോണ്‍ടെകും അറിയിച്ചു.

വാക്‌സിന് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഉപദേശക സമിതി ഫെബ്രുവരി 15ന് യോഗം ചേരും. ചര്‍ച്ചയ്ക്ക് ശേഷം ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നേടുന്ന് ആദ്യത്തെ വാക്‌സിന്‍ ഫൈസര്‍-ബയോണ്‍ടെകിന്റേത് ആകും.