ഒരാൾക്ക് കോവിഡ്; ന്യൂസിലാൻഡിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

ആറ് മാസത്തിനിടെ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ന്യൂസിലാൻഡിൽ പ്രധാനമന്ത്രി ജസിൻഡ ആർഡേൺ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാൻഡിൽ 58 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെവ്വാഴ്ച അർദ്ധരാത്രി മുതൽ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.

കോവിഡ് സ്ഥിരീകരിച്ച ഓക്‌ലൻഡിൽ ഏഴ് ദിവസം ലോക്ഡൗൺ ആയിരിക്കുമെന്നും ജനങ്ങൾ പൂർണമായും വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി ജസിൻഡ അഭ്യർത്ഥിച്ചു.

2021 ഫെബ്രുവരിലാണ് ന്യൂസിലാൻഡിൽ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച മധ്യവയസ്കൻ വാക്സിൻ എടുത്തിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ലോക രാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കിയപ്പോൾ ന്യൂസിലാൻഡിലെ പ്രതിരോധ പ്രവർത്തനങ്ങൾ വലിയ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. 2,500 പേർക്ക് മാത്രമാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങളുടെ വലിയ നിരയാണ് കാണപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.