ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42.50 ലക്ഷം ; മരണസംഖ്യ 2.86 ലക്ഷം കടന്നു, അമേരിക്കയിൽ മരണം 81,724 ആയി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്. ബ്രിട്ടനിൽ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊൻപത് പേരും സ്പെയിനിൽ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാൽപ്പത്തിനാല് പേരും മരിച്ചു.

അമേരിക്കയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എൺപതിനായിരം കവിഞ്ഞു. അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകൾ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. മരണം രണ്ടായിരം പിന്നിട്ടു. ബ്രിട്ടനിൽ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. ലോക്ക് ഡൗൺ ഇളവുകളിലെ കൂടുതൽ നിബന്ധനകളും സർക്കാർ പുറത്തിറക്കി.