'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

യുഎസ് മുന്നോട്ടുവെച്ച മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ച കാനഡയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുന്ന കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഗ്രീൻലൻഡിന് മുകളിലായി നിർദ്ദേശിച്ച ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ പദ്ധതി കാനഡ നിരസിച്ചതിനെത്തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കാനഡയുടെ സുരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയായിട്ടും ഗോൾഡൻ ഡോം പദ്ധതിയെ പിന്തുണച്ചില്ലെന്നും പകരം ചൈനയുമായി വ്യാപാരത്തിന് ഒരുങ്ങുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഒരു വർഷത്തിനുള്ളിൽത്തന്നെ ചൈന ‘വിഴുങ്ങാൻ’ സാധ്യതയുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.

ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയുടെ സമീപകാല പരാമർശങ്ങൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രതികരണം. യുഎസിൽനിന്ന് ലഭിക്കുന്ന സൗജന്യ സഹായങ്ങൾക്കും സുരക്ഷാ സംരക്ഷണങ്ങൾക്കും കാനഡ കൂടുതൽ കൃതജ്ഞത പാലിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

‘കാനഡ നമ്മളിൽ നിന്ന് ധാരാളം സൗജന്യ സഹായങ്ങൾ നേടുന്നുണ്ട്, അവർ ആ കൃതജ്ഞ കാട്ടണം, ഞാൻ ഇന്നലെ നിങ്ങളുടെ പ്രധാനമന്ത്രിയെ കണ്ടു; അദ്ദേഹം അത്രയ്ക്ക് കൃതജ്ഞതയുള്ളവനായിരുന്നില്ല. അവർ നമ്മളോട് നന്ദി കാണിക്കണം,’ ട്രംപ് പറഞ്ഞു. ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം കാനഡയ്ക്കും സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ നിലനിന്നുപോരുന്നത് യുഎസിന്റെ സഹായത്താലാണെന്നും ട്രംപ് പറഞ്ഞു.

Read more