മുസ്ലിം ന്യൂനപക്ഷങ്ങളെ 'കോൺസെൻട്രേഷൻ ക്യാമ്പുകളി'ലാക്കി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; അടിച്ചമർത്തൽ വെളിപ്പെടുത്തുന്ന ആഭ്യന്തര ചൈനീസ് രേഖകൾ ചോർന്നു

ചൈനയിലെ സിൻജിയാങ് മേഖലയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണകൂട അടിച്ചമർത്തലിനെ കുറിച്ചുള്ള 400-ലധികം പേജുകളുള്ള ആഭ്യന്തര ചൈനീസ് രേഖകൾ പുറത്തുവിട്ട് ദി ന്യൂയോർക്ക് ടൈംസ്. സിൻജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം ഉയിഗറുകൾ, കസാക്കുകൾ, മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങൾ എന്നിവരെ ചൈന തടവിലാക്കിയതിന്റെയും വധശിക്ഷക്ക് വിധിച്ചതിന്റെയും പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നതാണ് ന്യൂയോർക്ക് ടൈംസിന് ലഭിച്ച ആഭ്യന്തര ചൈനീസ് സർക്കാർ രേഖകൾ.

ചൈനീസ് പ്രസിഡന്റ് സി ജിൻ‌പിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എങ്ങനെയാണ്‌ മുസ്ലിം ന്യൂനപക്ഷങ്ങളെ തടവിലാക്കിയിരിക്കുന്ന “കോൺസെൻട്രേഷൻ ക്യാമ്പുകൾ” (അധികൃതരുടെ ഭാഷയിൽ പ്രബോധന ക്യാമ്പുകൾ) സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതെന്ന് 403 പേജുകൾ വെളിപ്പെടുത്തുന്നു. മുസ്ലിം കുടുംബങ്ങളെ എങ്ങനെയാണ് ഈ ക്യാമ്പുകൾ വേർപെടുത്തുന്നതെന്ന് സർക്കാർ ആഭ്യന്തരമായി അംഗീകരിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു – ക്യാമ്പുകളിൽ തടവിലാക്കിയിരിക്കുന്ന കുടുംബാംഗങ്ങളെ അന്വേഷിക്കുന്ന കുട്ടികളുൾ ഉൾപ്പെടെ ഉള്ള ബന്ധുക്കളോട് ഈ ക്യാമ്പുകൾ ഒരു തൊഴിൽ പരിശീലന കേന്ദ്രമാണെന്ന് വിശദീകരിക്കാനും അധികൃതർ നിർദ്ദേശം നൽകിയതായി രേഖകൾ വെളിപ്പെടുത്തുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പേര് വെളിപ്പെടുത്താത്ത ഒരു അംഗമാണ് രേഖകൾ വെളിച്ചത്തു കൊണ്ടു വരുന്നതിൽ പങ്കു വഹിച്ചത്. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ചൈനീസ് പ്രസിഡന്റ് സി ജിൻ‌പിംഗ് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ രക്ഷപ്പെടുന്നതിൽ നിന്ന് ഈ വെളിപ്പെടുത്തൽ തടയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം രേഖകൾ പുറത്തു വിട്ടത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഞെട്ടിക്കുന്നതും സുപ്രധാനവുമായ രേഖകൾ ചോരുന്നത്.

മെച്ചപ്പെട്ട ജോലി കണ്ടെത്താൻ ആളുകളെ പരിശീലിപ്പിക്കുന്നതിലൂടെ തീവ്രവാദം തടയുന്നതിനുള്ള നല്ലൊരു പ്രചാരണമായാണ് ചൈനീസ് സർക്കാർ സിൻജിയാങ്ങിലെ ക്യാമ്പുകളെ വിശേഷിപ്പിച്ചത്. തീവ്രവാദത്തെ തടയുന്നതിന്റെ പേരിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ തടങ്കലിൽ വെയ്ക്കാനുള്ള ക്രൂരമായ “പാർട്ടി പദ്ധതി” വെളിപ്പെടുത്തുന്നതാണ് രേഖകൾ.

മാതാപിതാക്കളെ കുട്ടികളിൽ നിന്ന് എങ്ങനെ വേർപെടുത്തി, ആരാണ് ഇനി തങ്ങളുടെ ട്യൂഷൻ ഫീസ് നൽകുക, തൊഴിലാളികളുടെ അഭാവത്തിൽ വിളകൾ നട്ടുപിടിപ്പിക്കാനോ വിളവെടുക്കാനോ എങ്ങനെ സാധിക്കും തുടങ്ങി മാതാപിതാക്കൾ വേർപെട്ട വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും രേഖകൾ വെളിപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തിന് നന്ദിയുള്ളവരായിരിക്കണമെന്നും, പരാതിപ്പെട്ടാൽ അവരുടെ കുടുംബത്തിന് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ചോദ്യം ഉന്നയിക്കുന്നവരോട് പറയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.