കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധിതയായി കനേഡിയന്‍ വനിത; ഇത് ആദ്യത്തെ സംഭവം

വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചൂടും അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനത്തെ രോഗ കാരണമാക്കി മാറ്റുന്നുവെന്ന് കനേഡിയന്‍ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 70 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയിലാണ് കാലാവസ്ഥാവ്യതിയാനം ഒരു രോഗകാരണായി സ്ഥിരീകരിച്ചത്. ആദ്യമായാണ് കാലാവസ്ഥാ വ്യതിയാനം രോഗകാരണമായി മാറുന്നത്.

”അവരുടെ ആരോഗ്യം കൂടുതല്‍ വഷളായിരിക്കുകയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ അവര്‍ പാടുപെടുകയാണ്. അത്യാഹിത വിഭാഗത്തിലെ ഒരാളെ എങ്ങനെ തണുപ്പിക്കാമെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു”എന്നാണ് അവരെ പരിശോധിക്കുന്ന ഡോക്ടര്‍ കെയ്ല്‍ മെറിറ്റ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

താപനില വര്‍ധിക്കുന്നതുമൂലം ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി ആശുപത്രിയില്‍ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എക്കാലത്തെയും മോശം ഉഷ്ണതരംഗമാണ് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ കാനഡയില്‍ അനുഭവപ്പെട്ടത്. ഇത് ഈ പ്രദേശത്ത് കാട്ടുതീ പടര്‍ന്നു പിടിയ്ക്കുന്നതിന് കാരണമായി. കാലാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചെയ്തു. കാട്ടു തീയുടെ ഫലമായുണ്ടായ പുകപടലങ്ങള്‍ മൂലം അന്തരീക്ഷ വായുവിനെ സാധാരണ ഉള്ളതിനേക്കാള്‍ 43 മടങ്ങ് അധികം മലിനീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ് രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ബ്രിട്ടീഷ് കൊളംബിയയിലും ഈ വര്‍ഷം രേഖപ്പെടുത്തിയത്. കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചില ഭാഗങ്ങളിലും റെക്കോർഡുകൾ ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങള്‍ക്ക് കാരണമായി. ഉഷ്ണതരംഗത്തില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 500 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.